INDIA

സഞ്ജീവ് ഭട്ടിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി; വിചാരണ ജഡ്ജിയെ മാറ്റണമെന്ന ഹർജി തള്ളി

ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് പണമടയ്ക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്

വെബ് ഡെസ്ക്

ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴികൊടുത്ത മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷ രൂപ പിഴവിധിച്ച്‌ സുപ്രീംകോടതി. തനിക്കെതിരായ മയക്കുമരുന്ന് കേസിൽ വാദം കേൾക്കുന്ന ജഡ്ജിക്കെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഗുജറാത്ത് ഹൈക്കോടതിയുടെ അഭിഭാഷക ക്ഷേമനിധിയിലേക്ക് പണമടയ്ക്കണമെന്നാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

മൂന്ന് ഹർജികളാണ് പ്രധാനമായും സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. തന്റെ കേസിൽ വാദം കേൾക്കുന്ന അഡീഷണൽ സെഷൻസ് ജഡ്ജി പക്ഷപാതം കാണിക്കുന്നുവെന്നും അതിനാൽ മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജിയുടെ കോടതിയിലേക്ക് വിചാരണ മാറ്റണം എന്നതാണ് ഇതിലൊന്ന്. വിചാരണക്കോടതി നടപടികൾ ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യാൻ നിർദേശിക്കണമെന്നും വിചാരണയിൽ കൂടുതൽ സാക്ഷികളെ ഹാജരാക്കണമെന്നും ഭട്ട് ആവശ്യപ്പെട്ടിരുന്നു.

''താങ്കൾ ഒരു ഡസൻ തവണയിൽ കൂടുതലെങ്കിലും സുപ്രീംകോടതിയെ സമീപിച്ചില്ലേ,'' എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് വിക്രം നാഥിന്റെ ആദ്യ ചോദ്യം. 1996ൽ നടന്ന കേസിന്റെ വിചാരണ 2023 മാർച്ച് 31നകം പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി നിസ്സാരമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സഞ്ജീവ് ഭട്ടിന് 10,000 രൂപ പിഴ ചുമത്തിയ കാര്യവും കോടതി ചൂണ്ടിക്കാണിച്ചു. തുക കുറയ്ക്കണമെന്ന് സഞ്ജീവ് ഭട്ടിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി തയാറായിരുന്നില്ല.

സഞ്ജീവ് ഭട്ട് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ എസ് പിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത സുമേർസിങ് രാജ്‌പുരോഹിത് എന്ന പ്രതിയെ മനഃപൂർവം കുടുക്കിയതാണെന്നാണ് കേസ്.

രാജസ്ഥാനിലെ ഒരു അഭിഭാഷകനായിരുന്നു സുമേർസിങ്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ പോലീസ് ഇൻസ്പെക്ടർ ഐബി വ്യാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018ൽ ഹൈക്കോടതി അന്വേഷണച്ചുമതല ഗുജറാത്ത് സി ഐ ഡിക്ക് കൈമാറുകയും സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിലവിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട്. 1990ലെ എൽകെ അദ്വാനിയുടെ രഥയാത്രയെത്തുടർന്ന് ജാംനഗർ ജില്ലയിൽ നടന്ന കലാപത്തിൽ പ്രഭുദാസ് വൈഷ്ണനി കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിലായിരുന്നു ശിക്ഷ.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി