സുപ്രീംകോടതി 
INDIA

മണിപ്പൂര്‍: സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട സമിതി പരിഗണനയില്‍

വെബ് ഡെസ്ക്

വംശീയ കലാപം വലിയ നാശം വിതച്ച മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ഒരുങ്ങി സുപ്രീംകോടതി. അന്വേഷണവമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി വിശാലാടിസ്ഥാനത്തിലുള്ള കമ്മിറ്റി രുപീകരിക്കുന്നത് സുപ്രീംകോടതി പരിഗണിക്കുന്നു.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ, പുനരധിവാസം, വീടുകളുടെ പുനരുദ്ധാരണം എന്നിവയുടെ വിലയിരുത്തൽ നടത്തുക, മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സർക്കാരിന്റെ പ്രവർത്തനങ്ങൾ മേൽനോട്ടം തുടങ്ങിയ ചുമതലകളാണ് പുതിയ കമ്മിറ്റിക്ക് ഉണ്ടാവുകയെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിപ്പൂര്‍ വിഷയം പരിഗണിച്ച സുപ്രീം കോടതി ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി വിശാലാടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് കമ്മിറ്റി രൂപീകരിക്കാനുള്ള ആശയം മുന്നോട്ട് വച്ചത്. കേസുകൾ എങ്ങനെ മുന്നോട്ട് പോകണം എന്നത് സംബന്ധിച്ച് വിവിധ വശങ്ങളും ബെഞ്ച് ഇന്ന് വിലയിരുത്തി.

മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇരകൾ സംസ്ഥാനം വിട്ടേക്കാവുന്ന അവസ്ഥയുണ്ട്. എന്നാൽ അവർ ജീവിക്കുന്ന സ്ഥലം നീതിന്യായത്തിന് തടസമാകരുത്. എവിടെയാണെങ്കിലും മൊഴി രേഖപ്പെടുത്തുകയും നീതി ഉറപ്പാക്കുകയും വേണം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 6,500-ലധികം എഫ്‌ഐആറുകളുടെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ഏൽപ്പിക്കുന്നത് അപ്രായോഗികമാണെന്നും കോടതി അംഗീകരിച്ചു. എന്നാൽ നിലവിലെ അന്വേഷണത്തിനുള്ള ആശങ്കകൾ മൂലം പോലീസിനെ ഏൽപ്പിക്കുന്നതും തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അക്രമസംഭവങ്ങളില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത ആളുകളുടെ എണ്ണം കുറവാണ്. കേസന്വേഷണത്തിൽ കാര്യമായ വീഴ്ചയുണ്ടായി എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന ഡിജിപി വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിഷയം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും