INDIA

ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി

വെബ് ഡെസ്ക്

ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. നാലാഴ്ചത്തേയ്ക്കാണ് കേസിൽ വാദം കേൾക്കുന്നത് നീട്ടിയത്. കേസിൽ വിശദമായ വാദം കേട്ട ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞ മൂന്നംഗ ബെഞ്ച് കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കണമെന്നും അവ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം പറയാനാകൂ എന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത് നീട്ടി വച്ചത്.

2020 ലെ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഈ കേസിൽ 2020 സെപ്തംബർ മുതൽ ഉമർ ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച വിധി ചോദ്യം ചെയ്ത് ഖാലിദ് സമർപ്പിച്ച ഹർജിയാണ് മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നതിനായി നീട്ടി വച്ചത്. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. കഴിഞ്ഞ മാസം കേസിൽ വാദം കേൾക്കാനിരുന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര പിന്മാറിയിരുന്നു.

മെയ് 18 ന് ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് നൽകിയതിന് ശേഷം അഞ്ച് തവണയാണ് കേസിന്റെ വാദം കേൾക്കൽ മാറ്റിവച്ചത്. കേസിൽ കൂട്ടുപ്രതികളായ ആസിഫ് ഇഖ്ബാൽ തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഡൽഹി പോലീസിന്റെ ഹർജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. 2022 ഒക്ടോബർ 18 നു ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്ത ഖാലിദിന്റെ ഹർജി ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേട്ടിരുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും