മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. സുപ്രീം കോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇതോടെ, കെജ്‌രിവാൾ ജയിൽമോചിതനാകും. അഞ്ചരമാസത്തിനു ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്. നേരത്തേ, ഇതേകേസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
സമാനകേസില്‍ മനീഷ് സിസോദിയ, കെ കവിത്, സഞ്ജയ് സിങ് എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒപ്പം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറിന്റെ സഹായിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി പറഞ്ഞത് ജാമ്യമാണ് നീതി എന്നതാണ്.
മദ്യനയഅഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21നായിരുന്നു ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം ജയിലില്‍ കഴിയുകയായിരുന്ന കെജ്‌രിവാളിന് ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മേയ് പത്തിനായിരുന്നു കെജ്‌രിവാള്‍ ജയില്‍ മോചിതനായത്. ജൂണ്‍ രണ്ട് വരെയായിരുന്നു ഇടക്കാല ജാമ്യം.
ഇഡിയുടെ അറസ്റ്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെയായിരുന്നു കെജ്‌രിവാള്‍ ആദ്യം സമീപിച്ചത്. ഏപ്രില്‍ ഒന്‍പതിന് കെജ്‌രിവാളിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ശേഷമാണ് ഡല്‍ഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിച്ചത്.
കെജ്‌രിവാള്‍ 100 കോടി രൂപ കോഴയായി ആവശ്യപ്പെട്ടന്നതിന് നേരിട്ടുള്ള തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം. ഈ തുകയാണ് ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നു. ജൂണ്‍ 20ന് ഡല്‍ഹി കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. ഇ ഡിയുടെ പക്കല്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജൂണ്‍ 25ന് ഡല്‍ഹി ഹൈക്കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇ ഡി സമര്‍പ്പിച്ച രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ് കീഴ്കോടതി ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇതേ ദിവസം തന്നെ സിബിഐ സമാന കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.