സാമൂഹ്യ മാധ്യമങ്ങളിൽ 'ഇന്ത്യാ വിരുദ്ധ', 'പാകിസ്ഥാൻ അനുകൂല' വിഷയങ്ങൾ ഉൾപ്പെടെ ആക്ഷേപകരമായ ഉള്ളടക്കം പോസ്‌റ്റ് ചെയ്‌ത കേസിൽ പ്രതിയായിരുന്ന കോൺഗ്രസ് നേതാവ് അഫ്‌സൽ ലഖാനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഭാവിയിൽ നേരിട്ടോ അല്ലാതെയോ ഇത്തരം പോസ്റ്റുകൾ ഇടരുതെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് അഫ്‌സൽ ലഖാനിക്ക് ജാമ്യം അനുവദിച്ചത്.
അപകീർത്തിപ്പെടുത്തൽ, വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ, അശ്ലീലം, വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകൾ എന്നിവയ്‌ക്കൊപ്പം മറ്റ് വകുപ്പുകളും ചുമത്തിയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
ഒരു വ്യക്തിക്ക് ഒരാളെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം, എന്നാൽ അതിനർത്ഥം രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കും എതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കാൻ തുടങ്ങുകയല്ലെന്നും കേസിൽ വിധി പറയവേ കോടതി നിരീക്ഷിച്ചു. തുടക്കത്തിൽ തന്നെ ഹർജിക്കാരൻ പോസ്റ്റുകളിൽ ഖേദം പ്രകടിപ്പിച്ചതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ലഖാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ മാതാവ് ഹീരാ ബെന്നിനുമെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആക്ഷേപകരമായ ഉള്ളടക്കം പോസ്‌റ്റ് ചെയ്‌തിരുന്നു.
ലഖാനിക്കെതിരെ ഗുജറാത്ത് പോലീസ് സമർപ്പിച്ച കുറ്റപത്രമനുസരിച്ച്, വ്യക്തിപരമായ വിവരങ്ങൾ മറച്ചുവെച്ച് പതിനെട്ടോളം ഫെയ്‌സ്ബുക്ക് പേജുകൾ വ്യാജമായി സൃഷ്‌ടിച്ച്, അതിൽ വർഗീയ സ്വഭാവമുള്ള ഇന്ത്യാ വിരുദ്ധ ഉള്ളടക്കവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ മാതാവ് ഹീരാബയ്ക്കും എതിരെ പോസ്റ്റുകൾ ചേർക്കുകയും ചെയ്തതാണ് കേസ്.
കഴിഞ്ഞ ജൂൺ മാസം, "ഇന്ത്യയിൽ താമസിക്കുന്നവർ ഇന്ത്യയോട് വിശ്വസ്‌തത കാട്ടണം" എന്ന് നിരീക്ഷിച്ച് അഫ്‌സൽ ലഖാനിയുടെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ ചുമത്തി ജാംനഗർ പോലീസ് ലഖാനിക്കെതിരെ കേസെടുക്കുകയായിരുന്നു.