INDIA

'ഗുജറാത്ത് ഹൈക്കോടതി നിരീക്ഷണം തലതിരിഞ്ഞതും പരസ്പരവിരുദ്ധവും': ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി

ജാമ്യം നിഷേധിക്കുകയും ഉടനടി കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്ക്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ കേസില്‍ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതല്‍വാദിന് സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി. ടീസ്റ്റയ്ക്ക് ജാമ്യം നിഷേധിക്കുകയും ഉടനടി കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് ഹൈക്കോടതി നിരീക്ഷണം തലതിരിഞ്ഞതും പരസ്പരവിരുദ്ധവുമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ , ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

"ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് വിചിത്രമാണെന്ന് പറയേണ്ടി വന്നതിൽ വേദനയുണ്ട്. ഹൈക്കോടതിയുടെ കണ്ടെത്തലുകൾ തീർത്തും തലതിരിഞ്ഞതും പരസ്പരവിരുദ്ധവുമാണ്. ഒരു വശത്ത്, കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണോയെന്ന് തീരുമാനിക്കുന്നത് സിആർപിസി 439 പ്രകാരം തന്റെ അധികാരപരിധിക്ക് അതീതമാണെന്ന് ജഡ്ജി പറയുന്നു. മറുവശത്ത് റയീസ് ഖാന്റെയും മറ്റ് സാക്ഷികളുടെയും സത്യവാങ്മൂലങ്ങളുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരിയെ ഏതാണ്ട് കുറ്റക്കാരിയെന്ന് വിധിക്കുന്നു. ഇതാണ് ഇതിലെ വൈരുദ്ധ്യം. ഒരുവശത്ത് പരിഗണിക്കില്ലെന്നും മറുവശത്ത് കുറ്റക്കാരിയെന്നും പറയുന്നു," കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായി ജാമ്യം അനുവദിച്ചു. കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതിനാൽ ടീസ്റ്റയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

2022 സെപ്തംബർ 2 ന് സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നൽകിയെന്നും സെപ്റ്റംബർ 20ന് കുറ്റപത്രം സമർപ്പിച്ചെന്നും ടീസ്റ്റയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബെഞ്ചിനെ അറിയിച്ചു. കേസിൽ അന്വേഷണം പൂർത്തിയായതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ടീസ്റ്റ ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്നാണ് ആരോപണമെങ്കിൽ എന്തിനാണ് സെതൽവാദിനെ മാത്രം ഒറ്റപ്പെടുത്തി യഥാർത്ഥത്തിൽ സത്യവാങ്മൂലം സമർപ്പിച്ച വ്യക്തികളെ ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജൂലൈ ഒന്നിനാണ് ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി ഉടൻ കീഴടങ്ങാൻ നിർദേശിച്ചത്. എന്നാൽ അതേ ദിവസം തന്നെ രാത്രി പ്രത്യേക സിറ്റിങ്ങിൽ സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ജാമ്യം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്നും അന്ന് കോടതി ചോദിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ