ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി. 29 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ് അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. അപൂര്‍വ സാഹചര്യം എന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. നീതി നടപ്പാക്കാന്‍ സുപ്രീം കോടതിക്ക് പ്രത്യേക വിവേചനാധികാരം നല്‍കുന്ന ഭരണ ഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചാണ് നടപടി.
കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഗര്‍ഭധാരണം തുടരുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം
ഇന്ത്യന്‍ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ അനുവദിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ ബോംബെ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെത്തുന്നത്. ഏപ്രില്‍ നാലിനായിരുന്നു ബോംബെ ഹൈക്കോടതി പെണ്‍കുട്ടിയുടെ മാതാവിന്റെ ഹര്‍ജി തള്ളിയത്.
എന്നാല്‍, ജീവന് നേരിടുന്ന ഭീഷണി, പൂര്‍ണ്ണമായ പ്രസവത്തിനേക്കാള്‍ പ്രാധാന്യം എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പെണ്‍കുട്ടിയുടെ പ്രായവും അപൂര്‍വമായ സാഹചര്യവും പരിഗണിച്ച് മെഡിക്കല്‍ അബോര്‍ഷന് അനുമതി നല്‍കുന്നു എന്നായിരുന്നു കോടതിയുടെ ഉത്തരവ്. കുട്ടിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഗര്‍ഭധാരണം തുടരുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം. ജീവന് ഭീഷണിയേക്കാള്‍ ഉയര്‍ന്നതല്ല ചില അപകടസാധ്യതകള്‍ എന്നും മെഡിക്കല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ഫുള്‍ ടേം ഡെലിവറി അപകടമാണെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ വിലയിരുത്തല്‍.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ആശ്രയിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് കൗമാരക്കാരിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.