അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി ഇടപെടല്‍. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്നും അതിനായി നിലവിലുള്ള നിയമങ്ങളിലടക്കം മാറ്റം വരുത്തുന്നത് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ പണം നഷ്ടമാകാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയോട് കോടതി ആരാഞ്ഞു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളില്‍ വന്‍ ഇടിവ് ഉണ്ടായി. ഇത്തരം നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനം വേണമെന്നും തിങ്കളാഴ്ചയ്ക്ക് മുമ്പ് സെബി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കും.
അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പും ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അദാനി ഗ്രൂപ്പ് കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ചു.
ചെറുകിട ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പത്ത് ലക്ഷം കോടിയോളമാണ് നഷ്ടപ്പെട്ടതെന്നും സുപ്രീംകോടതി
ഇന്ത്യന്‍ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്നതാണ് ആശങ്കാജനകമായ കാര്യമെന്ന് കോടതി സെബിയെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച തടയാന്‍ സാധ്യമായ നടപടികള്‍ സെബി സ്വീകരിച്ചിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.
'കൈവശമില്ലാത്ത ഓഹരികൾ വിറ്റുകൊണ്ട് വിലയിടിക്കുന്ന ഷോർട്ട് സെല്ലിങ്ങാണ് നടന്നത്. ഒരുപക്ഷേ സെബിയും അതിന്റെ അന്വേഷണം നടത്തുന്നുണ്ട്. ഷോര്‍ട്ട് സെയിലിന്റെ ഫലമായി, ഷെയറുകളുടെ മൂല്യം താഴ്‌ന്നേക്കാം. വാങ്ങുന്നയാള്‍ക്ക് അപ്പോള്‍ വ്യത്യാസത്തിന്റെ പ്രയോജനം ലഭിക്കും. ഇത് ചെറിയ തോതിലാണ് സംഭവിക്കുന്നതെങ്കില്‍, ആരും കാര്യമാക്കില്ല, എന്നാല്‍ ഇത് വലിയ തോതില്‍ സംഭവിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടം സംഭവിക്കും. ഭാവിയില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഞങ്ങള്‍ എങ്ങനെ ഉറപ്പാക്കും'? കോടതി ചോദിച്ചു. ഓഹരി വിപണിയിലുണ്ടായ ഇടിവില്‍ ചെറുകിട ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പത്ത് ലക്ഷം കോടിയോളമാണ് നഷ്ടപ്പെട്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രണ്ട് പൊതുതാത്പര്യ ഹര്‍ജികളിലുള്ള അടുത്ത വാദം ഫെബ്രുവരി 13ന് കേള്‍ക്കും.