സുപ്രീംകോടതി 
INDIA

ഡൽഹി ഓർഡിനൻസിനെതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും

ഓർഡിനൻസിനെ ന്യായീകരിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

വെബ് ഡെസ്ക്

ഡല്‍ഹി അധികാര തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. സുപ്രീംകോടതി ഇത് സംബന്ധിച്ച് സൂചന നല്‍കി. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഭരണഘടനയുടെ 246(4)-ാം അനുച്ഛേദ പ്രകാരം രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തെ സംബന്ധിച്ചുള്ള ഏത് കാര്യത്തിലും നിയമനിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹർജിയുടെ പരിഗണനയിലുള്ള വിഷയം 2018 ലും 2023ലും ഭരണഘടനാബെഞ്ച് പരിശോധിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ''ഭരണഘടനാ അനുച്ഛേദം 239എഎ(7) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രം ഭേദഗതി വരുത്തുകയും ഡല്‍ഹി സര്‍ക്കാരിന്‌റെ നിയമനത്തിന് മേലുള്ള അധികാരം ഏറ്റെടുക്കുകയും ചെയ്തത്. ഇത് അനുവദനീയമാണോ? കഴിഞ്ഞ രണ്ട് ഭരണഘടനാബെഞ്ച് ഉത്തരവുകളും ഇത് പരിഗണിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്‌,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ സിങ്‌വി എതിര്‍ത്തു. ഭരണഘടനാബെഞ്ചിന് കേസ് വിടുന്നതിനെതിരായ വാദം നിരത്താൻ അവസരം നൽകണമെന്നും സിങ്‌വി കോടതിയോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 239എഎ(7) (എ) -ാം അനുച്ഛേദ പ്രകാരം നിയമം നിര്‍മിക്കാനുള്ള പാര്‍ലമെന്റിന്റെ യോഗ്യത സംബന്ധിച്ചാണ് തര്‍ക്കമെന്നും മുന്‍ ഭരണഘടനാ ബെഞ്ച് ഇത് പരിഗണിച്ച വിഷയമല്ലെന്നും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. പാര്‍ലമെന്റ് നിര്‍മിച്ച നിയമം ഭരണഘടനാ ഭേദഗതിയായി കണക്കാക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

കേസ് ഇനി വ്യാഴാഴ്ച പരിഗണിക്കും. ഭരണഘടനാ ബെഞ്ചിന് ഹർജികൾ വിടേണ്ടതുണ്ടോ എന്ന വാദമാകും വ്യാഴാഴ്ച കേൾക്കുക. ഇന്നത്തെ കോടതി നടപടികള്‍ക്ക് പിന്നാലെയാണ് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭരണഘടനയുടെ 239, 239 എഎ അനുച്ഛേദങ്ങള്‍ പ്രകാരം കേന്ദ്രത്തിന് ഓര്‍ഡിനന്‍സിന് സാധുതയുണ്ടെന്നാണ് കേന്ദ്രത്തിന്‌റെ വാദം. ഭരണസ്തംഭനത്തിന് എഎപി സര്‍ക്കാര്‍ ശ്രമിച്ചെന്നും അവര്‍ നടപ്പാക്കിയ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നീതിപൂര്‍വമല്ലെന്നും ഈ സാഹചര്യത്തിലാണ് ഇടപെടലെന്നുമാണ് സത്യവാങ്മൂലം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ