വനിതാ ഗുസ്തി താരങ്ങളുടെ ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിക്കെതിരെയാണ് വനിതാ താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പരാതിക്കാരുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കപ്പെടണം. അവ തിരുത്തിയ പതിപ്പ് മാത്രമേ പുറത്തുവിടാകൂവെന്ന് സുപ്രീംകോടതി
ലൈംഗിക പീഡനക്കേസിലെ പരാതിക്കാരായ വനിതാ ഗുസ്തിത താരങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമായി സംരക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജുഡീഷ്യല്‍ രേഖകളിൽ നിന്ന് ഇവരുടെ വിശദാംശങ്ങള്‍ നീക്കാനും ഉത്തരവിട്ടു. പരാതിക്കാരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട് അഭ്യർഥിച്ചിരുന്നു. പരാതിക്കാരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
"അന്താരാഷ്ട്ര ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങൾ നൽകിയ ഹർജിയിൽ ലൈംഗിക പീഡനത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുണ്ട്. പരാതിക്കാരുടെ വിവരങ്ങളും ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടണം. അവ തിരുത്തിയ പതിപ്പ് മാത്രമേ പബ്ലിക് ഡൊമൈനിൽ ലഭ്യമാകാവൂ. വിഷയത്തിൽ കോടതിയുടെ പരിഗണന ആവശ്യമാണ്" - സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ സമരസ്ഥലത്ത് തുടരുമെന്ന് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞെങ്കിലും കേസെടുക്കാൻ പോലീസ് വിസമ്മതിച്ചതായാണ് ആരോപണം.
"ഇത്തവണ ഞങ്ങള്‍ ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. കായിക മന്ത്രാലയത്തിൽ നിന്നുള്ള ഉറപ്പിനെത്തുടർന്നാണ് ജനുവരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ വഞ്ചിക്കപ്പെട്ടു. ഞങ്ങളുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ആർക്കും കൂടെ ചേരാം." - ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പറഞ്ഞു.
ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലര്‍ക്കുമെതിരെ ഈ വര്‍ഷമാദ്യം ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കിയത്. ഇതിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടതും സുപ്രീംകോടതിയെ സമീപിച്ചതും. പുതിയ പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ ഇനി രാജ്യതലസ്ഥാനത്തെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.