എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി സെപ്റ്റംബർ 15 വരെ നീട്ടി നൽകി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി ആർ ഗവായ് , വിക്രം നാഥ് , സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 15 വരെ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്രത്തിന്റെ ഹർജി ഭാഗികമായി അനുവദിച്ചത്. കാലാവധി നീട്ടുന്ന ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
സാധാരണ സാഹചര്യത്തിൽ കാലാവധി നീട്ടി നൽകാൻ പാടില്ലാത്തതാണെന്നും എന്നാൽ ദേശീയ താത്പര്യം പരിഗണിച്ച് കുറച്ച് കാലം കൂടി പദവിയിൽ തുടരാൻ അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. " സ്ഥാനമാറ്റം സുഗമമായി നടക്കാനാണ് ജൂലൈ 31 വരെ സമയം അനുവദിച്ചത്. പൊതുതാത്പര്യം കണക്കിലെടുത്ത്, കുറച്ചു നാള്‍ കൂടി സമയം അനുവദിക്കുന്നു. കാലാവധി നീട്ടുന്നതിനായി കൂടുതൽ അപേക്ഷകളൊന്നും ഇനി പരിഗണിക്കില്ല. സെപ്തംബർ 15 അർധരാത്രിയോടെ സഞ്ജയ് കുമാർ മിശ്ര ഡയറക്ടർ സ്ഥാനം ഒഴിയണം", ബെഞ്ച് ഉത്തരവിട്ടു.
"നിങ്ങളുടെ വകുപ്പ് കഴിവില്ലാത്തവരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ഒരാൾ മാത്രം കഴിവുള്ളവനാണെന്നും ഉള്ള ഒരു ചിത്രമല്ലേ നൽകുന്നതെന്ന് ? ഒരാൾ ഇല്ലെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് പറയുന്നത് മുഴുവൻ വകുപ്പിന്റെയും മനോവീര്യം കെടുത്തുന്ന നടപടിയല്ലേ?" വാദത്തിനിടെ ജസ്റ്റിസ് ഗവായ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. ഒഴിവാക്കാന്‍ പറ്റാത്ത ആളുകളായി ആരുമില്ലെന്നും, എന്നാൽ മിശ്രയുടെ കാലാവധി നീട്ടുന്നത് രാജ്യത്തിന് സഹായകമാകുമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കാലാവധി നീട്ടുന്നതിനായി കൂടുതൽ അപേക്ഷകളൊന്നും ഇനി പരിഗണിക്കില്ല. സെപ്തംബർ 15 അർധരാത്രിയോടെ സഞ്ജയ് കുമാർ മിശ്ര ഡയറക്ടർ സ്ഥാനം ഒഴിയണംസുപ്രീംകോടതി
ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംവിധാനവുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) അവലോകനം നടക്കുന്നതിനാൽ മിശ്രയെ തുടരാൻ അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ ഈ വസ്തുത കൂടി കണക്കിലെടുത്താണ് ജൂലൈ 31 വരെ തുടരാൻ അദ്ദേഹത്തെ അനുവദിച്ചതെന്ന് ജസ്റ്റിസ് ഗവായി പറഞ്ഞു. എന്നാൽ നവംബർ 3 മുതൽ എഫ്എടിഎഫ് കമ്മിറ്റി സന്ദർശനത്തിനായി ഇന്ത്യയിൽ എത്തുമെന്ന സാഹചര്യത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.
1984 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ മിശ്ര 2018 നവംബറിലാണ് ഇഡി ഡയറക്ടറാകുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് ഒരു വര്‍ഷം കൂടി നീട്ടി നല്‍കി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ഇത് വകവയ്ക്കാതെ രണ്ട് തവണ കൂടി കേന്ദ്ര സര്‍ക്കാര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടി.കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്നും ജൂലൈ 31 നകം ഡയറക്ടറെ മാറ്റണമെന്നും ഈ മാസം 11നാണ് സുപ്രീംകോടതി വിധിച്ചത്. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപേക്ഷ നൽകിയത്.