പാർട്ടി പ്രചാരണത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻസിപി) സ്ഥാപകൻ ശരദ് പവാറിന്റെ പേരും ചിത്രവും അജിത് പവാർ പക്ഷം ഉപയോഗിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. നിങ്ങൾ ഇപ്പോൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണെന്നും ഇനി സ്വന്തം സ്വത്വത്തിൽ പ്രവർത്തിക്കണമെന്നും അജിത് പവാർ പക്ഷത്തോട് കോടതി നിർദേശിച്ചു. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകാനും അജിത് പക്ഷത്തോട് കോടതി നിർദേശിച്ചു.
അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻസിപിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത് ചോദ്യം ചെയ്ത് ശരദ് പവാർ പക്ഷമാണ് ഹർജി സമർപ്പിച്ചത്. വോട്ടർമാരെ സ്വാധീനിക്കാൻ അജിത് പവാർ പക്ഷം ശരദ് പവാറിൻ്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
''നിങ്ങൾ ഇപ്പോൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണ്. ശരദ് പവാറുമായി ചേര്‍ന്ന് പ്രവർത്തിക്കുന്നില്ല, പിന്നെന്തിനാണ് അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ നിങ്ങളുടെ ഫോട്ടോ ഉപയോഗിക്കൂ. ഇനി സ്വന്തം സ്വത്വത്തിൽ പ്രവർത്തിക്കൂ,” സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് രൂക്ഷവിമർശമുന്നയിച്ചത്.
ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ആത്മവിശ്വാസമുണ്ടെങ്കിൽ അജിത് പവാറിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കണമെന്നും ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശനിയാഴ്ചയ്ക്കകം അജിത് പവാർ പക്ഷം പ്രതികരണം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ആശയക്കുഴപ്പമുണ്ടാകാതിരിക്കാൻ തിരഞ്ഞെടുപ്പിൽ ക്ലോക്കിനുപകരം മറ്റൊരു ചിഹ്നം ഉപയോഗിക്കാൻ അജിത് പവാർ പക്ഷത്തോട് കോടതി വാക്കാൽ നിർദേശിച്ചു.
'ക്ലോക്ക്' ചിഹ്നവും ശരദ് പവാറിൻ്റെ പേരും ചിത്രങ്ങളും പ്രചാരണത്തിൽ അജിത് പവാർ വിഭാഗം ഉപയോഗിക്കുന്നുണ്ടെന്ന് ശരദ് പവാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിക്കുകയായിരുന്നു. വാദിച്ചു. ഗ്രാമീണ വോട്ടർമാരെ ആകർഷിക്കാൻ പോസ്റ്ററുകളിൽ 'ക്ലോക്ക്' ചിഹ്നവും ശരദ് പവാറിൻ്റെ ചിത്രങ്ങളും ഉപയോഗിക്കണമെന്ന് ഛഗൻ ഭുജ്ബൽ നടത്തിയ പ്രസ്താവന സിങ്‌വി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അധികാര തർക്കത്തെത തുടർന്ന് ശരദ് പവാർ നയിക്കുന്ന പാർട്ടിയിൽനിന്ന് വിട്ട അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപിയെന്ന് ഫെബ്രുവരി ആറിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഒപ്പം എന്‍സിപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും പതാകയും അജിത് പവാർ പക്ഷത്തിന് അനുവദിക്കയും ചെയ്തു.
പാർട്ടി പിളർന്നതോടെ മഹാരാഷ്ട്രയിലെ 53 എന്‍സിപി എം എൽ എമാരിൽ 40 പേരും ഒൻപത് എം എൽ സിമാരിൽ അഞ്ച് പേരും അജിത് പക്ഷത്തായിരുന്നു. ഇതോടെയായിരുന്നു പാർട്ടിയുടെ പേരും ചിഹ്നവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കിയത്.
ശരദ് പവാറിനെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് അജിത് പവാർ പക്ഷം നീക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ ശരദ് പവാർ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്‌ചന്ദ്ര പവാർ' എന്നാണ് പുതിയ പേര് നിർദേശിച്ചിട്ടുള്ളത്.