ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരു ആംബുലന്‍സ് പോലും പ്രതികള്‍ക്ക് സംഘടിപ്പിച്ച് കൊടുക്കാനായില്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. പ്രതികളെ നടത്തിത്തന്നെ കൊണ്ടുപോകണമെന്ന് ആര്‍ക്കായിരുന്നു ഇത്ര നിര്‍ബന്ധമെന്നും സുപ്രീംകോടതി ചോദിച്ചു.
ഏപ്രില്‍ 15ന് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് പോലീസ് സംരക്ഷണത്തിൽ പോകും വഴിയാണ് ഇരുവരും കൊല്ലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരെന്നെ വ്യാജേനയാണ് പ്രതികള്‍ അതിഖ് അഹമ്മദിന് നേരെ വെടിയുതിര്‍ത്തത്. ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
അതിഖ് അഹമ്മദിന്റെ മകനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതിനെക്കുറിച്ചും സുപ്രീംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
രണ്ട് ദിവസം കൂടുമ്പോള്‍ പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇതിൻറെ ഭാഗമായാണ് പ്രതികളെ കൂട്ടിക്കൊണ്ട് പോയത്. ആ വിഷയം എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇതിന്റെ അന്വേഷണത്തിനായി ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയെ അറിയിച്ചത്. ഏപ്രില്‍13ന് അതിഖ് അഹമ്മദിന്റെ മകനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതിനെക്കുറിച്ചും സുപ്രീംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിഖ് അഹമ്മദും അദ്ദേഹത്തിന്റെ മകനുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കഴിഞ്ഞ 30 വര്‍ഷമായി ഒരുപാട് കേസുകളിലെ പ്രതികളാണ്. കൊലയാളികളെ അപ്പോൾ തന്നെ പോലീസ് പിടികൂടി. കുപ്രസിദ്ധ കുറ്റവാളികളാകാനാണ് ആ കുറ്റം ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.
ഒരു ആംബുലന്‍സ് പോലും സര്‍ക്കാരിന് സംഘടിപ്പിച്ച് കൊടുക്കാനായില്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം
എന്നാൽ കൊലപാതകത്തിനെതിരെ രൂക്ഷമായാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. കൊലപാതകം എല്ലാവരും ടെലിവിഷനില്‍ കണ്ടതാണ്. മാധ്യപ്രവര്‍ത്തകരെന്ന വ്യാജേനെയാണ് പ്രതികള്‍ കൃത്യം നടത്തിയത്. ക്യാമറയും വ്യാജമായ പാസും സംഘടിപ്പിച്ചാണ് അവര്‍ ആ സംഘത്തിലേയ്ക്ക് കയറി ചെല്ലുന്നത്. എങ്ങനെയാണ് ഇവര്‍ക്ക് ഇത് സാധിച്ചത്. തീരെ സുരക്ഷാ മാര്‍ഗ്ഗങ്ങളില്ലാതെയാണോ പ്രതികളെ പോലീസ് കൈകാര്യം ചെയ്യുന്നത്. പരിശോധനയ്ക്കായി ഒരു ആംബുലന്‍സ് പോലും സര്‍ക്കാരിന് സംഘടിപ്പിച്ച് കൊടുക്കാനായില്ലേ എന്നായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.
തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട അതിഖ് അഹമ്മദ്. 2019 മുതല്‍ ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന അതിഖിനെ കോടതി വിചാരണയ്ക്കായി പ്രയാഗ്രാജിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.
അതിഖിനെയും അയാളുടെ കുടുംബത്തെയും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ ഇടവേളകളിലായി കൊലപാതകങ്ങള്‍ നടന്നതെന്ന് അഭിഭാഷകനായി വിശാല്‍ തിവാരി സുപ്രീംകോടതിയില്‍ അറിയിച്ചു. 2017 ല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഉത്തര്‍പ്രദേശില്‍ ഏകദേശം 183 വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഈ ഏറ്റുമുട്ടലുകളെപ്പറ്റിയും അന്വേഷിക്കണമെന്നും വിശാല്‍ തിവാരി ആവശ്യപ്പെട്ടു.