സുപ്രീം കോടതി 
INDIA

രാജ്യദ്രോഹക്കുറ്റം: ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത ബിൽ നിയമമായാലും മുൻകാല കേസുകൾക്ക് ബാധകമാകില്ലെന്ന് കോടതി

വെബ് ഡെസ്ക്

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പി (രാജ്യദ്രോഹക്കുറ്റം)ന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

124 എ വകുപ്പ് പ്രകാരമുള്ള നിരവധി ക്രിമിനൽ നടപടികളാണ് തീർപ്പുകൽപ്പിക്കാതെ കിടക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐപിസി) പകരമായി വരാനിരിക്കുന്ന സാഹചര്യത്തിൽ ഹർജികൾ പരിഗണിക്കരുതെന്ന സോളിസിറ്റർ ജനറലിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പുതിയ നിയമം മുൻകാല കേസുകളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

2022 മേയിലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് രാജ്യദ്രോഹ നിയമം ചുമത്തുന്നത് ഉപയോഗം നിർത്തലാക്കിയിരുന്നു.

1962ലെ, ബിഹാർ സർക്കാരിനെതിരായ കേദാർ നാഥ് സിങ് കേസ് വിധിയിൽ അഞ്ചംഗ ബെഞ്ച് രാജ്യദ്രോഹ നിയമത്തിലെ വ്യവസ്ഥകൾ ശരിവച്ചതിനാൽ ഹർജികൾ വിശാല ബെഞ്ചിന് വിടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

മൗലികാവകാശങ്ങളെക്കുറിച്ചുള്ള അന്നത്തെ സങ്കുചിത ധാരണയുടെ അടിസ്ഥാനത്തിലാണ് കേദാർ നാഥ് കേസിലെ വിധിയെന്ന് ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

മൗലികാവകാശങ്ങൾ വ്യത്യസ്‌തമായ തലങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന ഭരണഘടനാ നിയമത്തിന്റെ ധാരണയനുസരിച്ച്, 19-ാം അനുച്ഛേദത്തിന്റെ കോണിൽനിന്ന് മാത്രമാണ് കേദാർ നാഥ് വിഷയം പരിശോധിച്ചത്. 14, 19, 21 അനുച്ഛേദങ്ങൾ ചേർന്നാണ് നിലനിൽക്കുന്നതെന്ന പിന്നീടുള്ള വിധിന്യായങ്ങൾ കണക്കിലെടുത്ത് നിയമത്തെക്കുറിച്ചുള്ള ഈ ധാരണ മാറിയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ശി​ക്ഷാ നിയമത്തിന് പകരമായി പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചതിനാൽ ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ബെഞ്ച് നിരസിച്ചു. പുതിയ ബിൽ നിയമമായാലും ഐപിസി 124 എ പ്രകാരമുള്ള മുൻകാല കേസുകളെ ബാധിക്കില്ലെന്നും പുതിയ ശിക്ഷാ നിയമം ഭാവിയിൽ മാത്രമേ ബാധകമാകൂയെന്നും ബെഞ്ച് പറഞ്ഞു.

ഐപിഎസിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിത ബില്ലിൽ 124 എ വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ 150-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ബില്ലിലെ നിർദ്ദേശിച്ച വ്യവസ്ഥ പ്രകാരം 'രാജ്യദ്രോഹം' എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നു. എന്നാൽ "ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന കുറ്റമായാണ്” ഇത് വിവരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ