തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി നാലാഴ്ചയ്ക്കുശേഷം പരിഗണിക്കും. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കാന്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും.
എന്താണ് സൗജന്യക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടെന്നാണ് കോടതിയുടെ അഭിപ്രായം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ വിശദമായ ചര്‍ച്ചയും വാദം കേള്‍ക്കലും ആവശ്യമാണ്. ജുഡീഷ്യല്‍ ഇടപെടലുകളുടെ സാധ്യതയും, കോടതി വിദഗ്ധ സമിതിയെ നിയമിക്കേണ്ടതുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ അഴിമതിയായി കാണാനാവില്ലെന്ന സുബ്രഹ്‌മണ്യന്‍ ബാലാജി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവും കണക്കിലെടുക്കണം. വിഷയത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത്, ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് കൈമാറുകയാണെന്നും ജസ്റ്റിസ് രമണ പറഞ്ഞു.
തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയം സങ്കീര്‍ണമാകുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാന്‍ നമുക്കാകില്ല. എന്താണ് ശരിയായ വാഗ്ദാനങ്ങള്‍ എന്നതാണ് ചോദ്യം. സൗജന്യ വിദ്യാഭ്യാസം, കുടിവെള്ളം ഉറപ്പാക്കല്‍, അവശ്യ ഊര്‍ജ യൂണിറ്റുകളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവ സൗജന്യ വാഗ്ദാനങ്ങളായി കണക്കാക്കാമോ? വിവിധ ഉത്പന്നങ്ങളും ഇലക്ട്രോണിക് ഉപകരങ്ങളും നല്‍കുന്നത് ക്ഷേമം നടപ്പാക്കലാണോ? പൊതുപണം ചെലവഴിക്കുന്നതിനുള്ള ശരിയായ മാര്‍ഗം ഏതാണെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ചിലര്‍ പറയും പണം പാഴാക്കി എന്ന്. മറ്റു ചിലര്‍ പണം ജനക്ഷേമത്തിനായി ഉപയോഗിച്ചെന്നും പറയും. ഈ വിഷയം സങ്കീര്‍ണമാകുകയാണെന്ന് അതിനാലാണ് പറയുന്നതെന്നും ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ ബിജെപി മുന്‍ വക്താവ് അശ്വിനി ഉപാധ്യായാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, സൗജന്യ വാഗ്ദാനങ്ങള്‍ ജനക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികള്‍ കോടതിയില്‍ സ്വീകരിച്ചത്. അതേസമയം, സൗജന്യ വാഗ്ദാനങ്ങളെ എതിര്‍ക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.