ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ദുരിതാശ്വാസ, പുനരധിവാസ വിഷയങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാൻ ഹര്‍ജിക്കാരന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി.
ജോഷിമഠിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അപകടത്തിലായ ആയിരങ്ങൾക്ക് പുനരധിവാസം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലായിരുന്നു ഹര്‍ജി പരിഗണനയ്ക്ക് വന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുനരധിവാസം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുക, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിശദീകരിച്ചു. ഈ വിഷയങ്ങളിലെല്ലാം ജനുവരി 13ന് 2021ലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കവെ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സുപ്രീംകോടതി തന്നെ പരിഗണിക്കേണ്ടതില്ലെന്നും അതിന് ജനാധിപത്യ സ്ഥാപനങ്ങളുമുണ്ടെന്ന നീരീക്ഷണത്തോടെ ഇതേ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജനുവരി 10ന് സുപ്രീംകോടതി തള്ളിയിരുന്നു.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാണ് കെട്ടിടങ്ങളില്‍ വിള്ളല്‍ രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ നിർമാണ നിരോധനം കർശനമായി പാലിക്കണമെന്നായിരുന്നു ജനുവരി 13ലെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതി രൂപീകരിച്ച് ജോഷിമഠിലെ സാഹചര്യം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനുള്ള സാധ്യതകളാകണം വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നും കോടതി നിര്‍ദേശിച്ചു. സമിതി മെയ് 24 ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.