INDIA

മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സ്റ്റേ ഇല്ല; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം തള്ളി

ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകൾ കണക്കിലെടുക്കാതെയാണെന്നും പിഴവ് സംഭവിച്ചെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്

വെബ് ഡെസ്ക്

വധശ്രമക്കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ മുഹമ്മദ് ഫൈസലിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകൾ കണക്കിലെടുക്കാതെയാണെന്നും പിഴവ് സംഭവിച്ചെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേസിലെ പരാതിക്കാരന്‍ മുഹമ്മദ് സ്വാലിഹും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഖജനാവിന് അധിക ബാധ്യതയാകുമെന്ന വശം ഹൈക്കോടതി ഊന്നിപ്പറഞ്ഞതായി ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് വാദിച്ചു. പ്രസ്തുത ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതെന്നായിരുന്നു വാദം. എന്നാല്‍ കേസിലെ വശങ്ങള്‍ കൃത്യമായി പരിശോധിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടതെന്ന് ഫൈസല്‍ സുപ്രീംകോടതിയെ അറിയിച്ചു.

വധശ്രമക്കേസില്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് മരവിപ്പിക്കണമെന്നും കീഴ് കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നത്. കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫൈസല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചും ഉത്തരവിട്ടു.

മുൻ കേന്ദ്രമന്ത്രി പിഎം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പത്തു വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഉത്തരവിനെതിരെ ഫൈസലും സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നീ പ്രതികളും നൽകിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറഞ്ഞത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍