INDIA

'കേരള സ്റ്റോറി' വിവാദം സുപ്രീംകോടതിയില്‍; അടിയന്തരമായി കേള്‍ക്കാനാകില്ലെന്ന് കോടതി

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തില്‍ 'കേരള സ്റ്റോറി' പ്രദര്‍ശനം തടയണമെന്നായിരുന്നു ആവശ്യം

വെബ് ഡെസ്ക്

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തില്‍ 'കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം വിഷയം പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അനുമതിക്കെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം 16 മില്യണ്‍ പേര്‍ കണ്ടുവെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. മെയ് 5ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ, പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോടതിയില്‍ വിശദമായ ഹര്‍ജി ഫയല്‍ ചെയ്തേക്കുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് മുന്നിലാണ് ഈ ഹര്‍ജി വരേണ്ടതെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഹൈക്കോടതി വഴി മാത്രമെ സുപ്രീംകോടതിയെ സമീപിക്കാനാകൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പത്ത് മാറ്റങ്ങളോടെ തിങ്കളാഴ്ചയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കിയത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കിക്കൊണ്ടായിരുന്നു അനുമതി.

ചിത്രത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ ഡോക്യുമെന്ററി തെളിവ് സമർപ്പിക്കാൻ സെന്‍സര്‍ ബോർഡിന്റെ പരിശോധന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലംഗീറിനെയും ഔറംഗസേബിനെയും ഐഎസിനേയും കുറിച്ച് നടത്തിയ പരാമർശത്തിന് ഡോക്യുമെന്ററി തെളിവുകൾ സമർപ്പിച്ചു. പാകിസ്താന്‍ വഴി അമേരിക്ക പോലും ഐഎസിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന സംഭാഷണം നീക്കം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കാറില്ലെന്ന ഭാ​ഗം നീക്കി. കൂടാതെ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അവസരവാദിയെന്ന സംഭാഷണത്തിലെ ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനും സെൻസർ കമ്മിറ്റി ആവശ്യപ്പെട്ടു.

വിപുൽ അമൃത്‌ലാൽ ഷായുടെ നിർമാണത്തിൽ സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന 'ദ കേരള സ്റ്റോറി' ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നെന്ന വിവരണത്തോടെയുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ