INDIA

'സൈന്യത്തെ വിന്യസിക്കാൻ കോടതി ഉത്തരവിടേണ്ടതില്ല'; കുക്കി വിഭാഗത്തിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീംകോടതി

അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൂടുതൽ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെടുമെന്ന് ഹർജിക്കാർ

വെബ് ഡെസ്ക്

മണിപ്പൂര്‍ കലാപത്തിൽപ്പെട്ടുപോയ കുക്കികളുടെ സംരക്ഷണത്തിനായി, സൈന്യത്തെ വിന്യസിക്കണമെന്ന ഹര്‍ജി യിൽ അടിയന്തരമായി വാദം കേൾക്കാതെ സുപ്രീംകോടതി. സംസ്ഥാനത്ത് നിലനിൽക്കുന്നത് തീർത്തും ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും, കോടതി ഇടപെടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സൈന്യത്തെ വിന്യസിക്കാൻ കോടതി ഉത്തരവിടേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറം സമര്‍പ്പിച്ച ഹർജി പരാമർശിക്കവെ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ജൂലൈ മൂന്നിന് പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകനായ കോളിന്‍ ഗോണ്‍സാല്‍വസാണ് വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കോടതിയില്‍ അറിയിച്ചത്. അക്രമം തടയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും കുക്കി വിഭാഗത്തിൽനിന്നുള്ള 70പേർ കൊല്ലപ്പെട്ടതായി അദ്ദേഹം കോടതിയെ അറിയിച്ചു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ കൂടുതല്‍ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെടുമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

ചുരാചന്ദ്പൂര്‍, ചന്ദേല്‍, കാങ്പോക്പി, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് തുടങ്ങിയ ജില്ലകളിലെ ക്രമസമാധാനനിലയുടെ പൂര്‍ണനിയന്ത്രണം സൈന്യത്തെ ഏൽപ്പിക്കണമെന്ന് ഹര്‍ജിക്കാർ ആവശ്യപ്പെടുന്നു. സ്വതന്ത്ര അന്വേഷണത്തിലൂടെ മണിപ്പൂരിലെ ഗോത്ര സമൂഹത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനും വിചാരണ ചെയ്യാനും ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഗോത്ര വര്‍ഗക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, മേയ്തി വിഭാഗം തലവനെതിരെ കേസ് എടുക്കുക എന്നീ ആവശ്യങ്ങളും ഹര്‍ജിക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങളുടെ അവസാന പ്രതീക്ഷ കോടതിയാണെന്നും ഹര്‍ജിക്കാർ വ്യക്തമാക്കിയിരുന്നു.

മണിപ്പൂരില്‍ സാധാരണനില പുനഃസ്ഥാപിക്കുമെന്ന് മെയ് എട്ടിന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മെയ് 17 ന്, സുരക്ഷാ ക്രമീകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സംബന്ധിച്ച് സംസ്ഥാനം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിഗണിച്ച് ആക്രമണങ്ങളെക്കുറിച്ച് മണിപ്പൂര്‍ ട്രൈബല്‍ ഫോറം ഉന്നയിച്ച ആശങ്കകളില്‍ നടപടിയെടുക്കാന്‍ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന് ശേഷം വിഷയം ഇന്നാണ് സുപ്രീംകോടതിയിൽ പരാമര്‍ശിക്കപ്പെടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ