അദാനി-ഹിൻഡൻബർഗ് വിഷയം റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ വിഷയം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്നും കോടതിയുടെ ജോലി കോടതി ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നേരത്തെ അദാനി വിഷയം പരിഗണിക്കവെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയന്ത്രണ ചട്ടക്കൂടിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നടക്കം നിർണയിക്കാൻ സ്വന്തം നിലയ്ക്ക് സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. മുദ്രവച്ച കവറിൽ സർക്കാർ സമർപ്പിച്ച നിർദേശം കോടതി തള്ളുകയും ചെയ്തു. റിപ്പോർട്ട് പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദേശിച്ച വിദഗ്‌ധരുടെ പേരുകൾ അടങ്ങിയ നിർദേശമാണ് തള്ളിയത്. കേന്ദ്ര നിർദേശം അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി നടപടി.
ഏതന്വേഷണവും സ്വാഗതം ചെയ്യുന്നെന്നും നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സമിതി അംഗങ്ങളെ നിര്‍ദേശിച്ച് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.