സുപ്രീം കോടതി 
INDIA

10 ദിവസം നീണ്ട വാദം; സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജികൾ ഭരണഘടനാബെഞ്ച് വിധി പറയാൻ മാറ്റി

വെബ് ഡെസ്ക്

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന വിവിധ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം പൂർത്തിയാക്കി. 10 ദിവസം നീണ്ട വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് ഏപ്രിൽ 18 നാണ് വാദം കേൾക്കാൻ തുടങ്ങിയത്. ഉത്തരവ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

വിവിധ സംഘടനകളും വ്യക്തികളും സമർപ്പിച്ച 20 ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. വിവിധ ഹൈക്കോടതികളിലുള്ള സമാന ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 13നാണ് ഹര്‍ജികള്‍ ചീഫ് pസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഭരണഘടനാ ബെഞ്ചിന് വിട്ടത്. സുപ്രധാനമായ നിരവധി നിരീക്ഷണങ്ങൾ വാദത്തിനിടയിൽ കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായി.

സ്വവർഗ വിവാഹം നിയമപരമാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വിഷയത്തിന്റെ സങ്കീർണതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിച്ച് വിഷയം പാർലമെന്റിന് വിടണമെന്ന് സർക്കാർ നിലപാടെടുത്തു. നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണ് സ്വവർഗ വിവാഹമെന്നും കോടതിയിൽ കേന്ദ്രസർക്കാർ നിലപാടെടുത്തു. എന്നാൽ ഇത്തരം വിഷയങ്ങളിൽ കേന്ദ്ര സമീപനങ്ങൾ തള്ളുന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ. ലൈംഗിക താത്പര്യങ്ങളടക്കം വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ ഇത്തരം സ്വഭാവങ്ങളുടെ കാര്യങ്ങളിൽ വേർതിരിവ് കാണിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. നഗര പ്രദേശങ്ങളിലെ ആളുകളിൽ മാത്രമാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ നിരത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

സ്വവർഗ ബന്ധങ്ങളെ ശാരീരിക ബന്ധങ്ങളായി മാത്രം കാണാൻ കഴിയില്ല എന്നും അവ കൂടുതൽ വൈകാരികവും സുസ്ഥിരവുമാണെന്നും ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കൽപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിൽ പങ്കാളി ഭിന്ന ലിംഗക്കാരാകണമെന്ന് എന്താണ് നിർബന്ധമെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നു. സ്വവർഗ വിവാഹം നിയമപരമാക്കാതെ തന്നെ ഇത്തരം പങ്കാളികൾക്ക് നിയമപരിരക്ഷ നൽകാനാകുമോ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇക്കാര്യത്തിൽ അനുകൂല സമീപനമാണ് സർക്കാർ കൈക്കൊണ്ടത്. സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ജോയിന്റ് ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയവയിൽ വിവാഹിതർക്കുള്ള അവകാശം സ്വവർഗ പങ്കാളികൾക്കും നൽകാനാകുമോ എന്ന് സമിതി പഠിക്കും.

സ്വവർഗ വിവാഹത്തിൽ ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതികരണം ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം സർക്കാരുകൾ നിയമസാധുത നൽകണമെന്ന ഹർജിക്കാരുടെ വാദത്തെ എതിർത്തിട്ടുണ്ട്. സിക്കിം, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സ്വമേധയാ കക്ഷി ചേർന്ന ദേശീയ ബാലാവകാശ കമ്മീഷൻ, സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ എതിർത്തു. എന്നാൽ ഡൽഹി ബാലാവകാശ കമ്മീഷൻ അനുകൂലിച്ചാണ് നിലപാടെടുത്തത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും