സുപ്രീംകോടതി 
INDIA

ജഡ്ജി നിയമനം: കേന്ദ്രം പേരുകള്‍ നിര്‍ദേശിക്കുന്നെന്ന് സുപ്രീംകോടതി; ബാഹ്യ ഇടപെടലെന്ന സന്ദേശം നല്‍കുന്നെന്ന് വിമര്‍ശനം

വെബ് ഡെസ്ക്

ജഡ്ജി നിയമനത്തിൽ കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകൾ കേന്ദ്രം നിർദേശിക്കുന്നുവെന്ന് സുപ്രീംകോടതി. കൊളീജിയം ആവര്‍ത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും കേന്ദ്ര സർക്കാർ തള്ളിക്കളയുന്നു. ഇത് ജഡ്ജി നിയമനത്തിൽ പുറത്തു നിന്നുള്ള ഇടപെടലുണ്ടെന്ന സന്ദേശമാണ് നല്‍കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ , എ എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് ജ‍ഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയത്.

കൊളീജിയം ശുപാർശകൾ അം​ഗീകരിക്കുന്നതിൽ കേന്ദ്രം വരുത്തുന്ന കാലതാമസം തെറ്റായ സന്ദേശം നൽകും. ആദ്യ തവണ കേന്ദ്രം തള്ളിയ പേരുകൾ പിന്നീടും കൊളീജിയം ആവർത്തിച്ചാൽ അം​ഗീകരിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ തീരുമാനം വൈകിപ്പിക്കുകയെന്ന തന്ത്രമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്ത 22 പേരുകൾ കേന്ദ്രം തിരിച്ചയച്ചു. അവയില്‍ ഒന്‍പതെണ്ണം കൊളീജിയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തിട്ടും കേന്ദ്രം തിരിച്ചയയ്ക്കുകയോ കാലതാമസം വരുത്തുകയോ ചെയ്തവയാണ്. ചില പേരുകൾ പരി​ഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടായെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശുപാർശകളിൽ എന്ത് തീരുമാനമെടുക്കുമെന്ന് കൊളീജിയം ഉടൻ യോ​ഗം ചേർന്ന് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

ജ‍ഡ്ജി നിയമനത്തിൽ സർക്കാർ വരുത്തുന്ന കാലതാമസം മികവുറ്റവരെ ആ സ്ഥാനത്തെത്തിക്കുന്നതിന് തിരിച്ചടിയാകുന്നുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി യോ​ഗ്യരായ പലരും ജഡ്ജി സ്ഥാനം നിരസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ കുറിച്ചും രണ്ടംഗ ബെഞ്ച് പരാമര്‍ശിച്ചു . രാഷ്ട്രീയ പരി​ഗണനകൾ ഇല്ലാതെയാണ് ജ‍ഡ്ജിമാർ വിഷയത്തെ സമീപിക്കുന്നതെന്ന് ഉദാഹരിക്കാനായിരുന്നു കൃഷ്ണയ്യരുടെ പേര് കോടതി പരാമർശിച്ചത്.

44 കൊളീജിയം ശുപാർശകൾ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കി. മൂന്ന് ദിവസത്തിനുള്ളിൽ ശുപാർശ പരി​ഗണിക്കുമെന്നാണ് എ ജി അറിയിച്ചത്. വിഷയത്തിൽ തീരുമാനം വേ​ഗത്തിലുണ്ടാകണമെന്ന നിർദേശം കോടതി എജിക്ക് നൽകി. കേസ് ഫെബ്രുവരി മൂന്നിന് വീണ്ടും പരി​ഗണിക്കും.

കൊളീജിയം സംവിധാനത്തിനെതിരെയും ജഡ്ജി നിയമന നടപടിക്രമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രം പരിഗണിക്കാതിരിക്കുയോ കാലതാമസം വരുത്തുകയോ ചെയ്തിരുന്നതും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്