INDIA

സ്വവർഗ വിവാഹം നഗരത്തിലുള്ള പരിഷ്കാരികളുടെ ആവശ്യമെന്ന് പറയുന്നതെങ്ങനെ? തെളിവുകള്‍ ഇല്ലെന്ന് സുപ്രീംകോടതി

ഒരു വ്യക്തിക്ക് സ്വയം നിയന്ത്രിക്കാനാവാത്ത സ്വഭാവങ്ങളുടെ പേരില്‍ വേർതിരിവ് കാണിക്കാൻ കേന്ദ്രത്തിന് അധികാരമില്ല

വെബ് ഡെസ്ക്

സ്വവർഗ വിവാഹത്തെ നഗര കേന്ദ്രീകൃത വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടെന്ന് വിശേഷിപ്പിച്ച കേന്ദ്ര നിലപാടിനെതിരെ സുപ്രീംകോടതി. വാദം ശരിവയ്ക്കുന്ന യാതൊരു തെളിവും സർക്കാരിന്റെ പക്കലില്ലെന്ന് കോടതി പറഞ്ഞു. നഗരപ്രദേശങ്ങളിലെ ആളുകളാണ് ഇത്തരം യാഥാസ്ഥിതിക സങ്കൽപ്പങ്ങളിൽ നിന്ന് കൂടുതലായി പുറത്തുവരുന്നത്. അത് നഗര വരേണ്യ സങ്കല്പമായതുകൊണ്ടെന്ന് തള്ളിക്കളയാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

നഗര പ്രദേശങ്ങളിലെ ആളുകളിൽ മാത്രമാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ നിരത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക താത്പര്യങ്ങളടക്കം വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ ഇത്തരം സ്വഭാവങ്ങളുടെ കാര്യങ്ങളിൽ വേർതിരിവ് കാണിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്ന് കോടതി പറഞ്ഞു. നഗര പ്രദേശങ്ങളിലെ ആളുകളിൽ മാത്രമാണ് ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന തെളിവുകൾ നിരത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഭരണഘടനാ ബെഞ്ച് വിലയിരുത്തി. ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമർശിച്ചിരുന്നു.

എന്നാൽ, സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ എതിർത്ത് തന്നെയാണ് കേന്ദ്രം കോടതിയിൽ നിലപാടെടുത്തത്. ഹർജിക്കാർ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ വാദം കേള്‍ക്കണോ എന്നത് കോടതി പരിശോധിക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഹർജിയുടെ നിയമസാധുതയും നിലനിൽപ്പും ആദ്യം പരിശോധിക്കണമെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

രാജ്യത്ത് നിലവിലുള്ള വിവാഹ സങ്കല്പങ്ങൾക്ക് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും. ഗ്രാമീണ, നഗര കേന്ദ്രീകൃത ജനങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിഗത നിയമങ്ങളും മതവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും പാർലമെന്റിന് ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതുണ്ടെന്നും കേന്ദ്രം പറഞ്ഞു. കൂടുതൽ അവകാശങ്ങൾ നൽകുക, ബന്ധങ്ങൾ അംഗീകരിക്കുക, അത്തരം ബന്ധങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകുക എന്നിവ പാര്‍ലമെന്റിന്റെ അധികാരപരിധിയിലാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിയോട് പറയാന്‍ കേന്ദ്രത്തിനാകില്ലെന്നും ഹർജിക്കാരുടെ ഭാഗം കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദങ്ങൾ വ്യക്തി വിവാഹ നിയമങ്ങളിലുപരി സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകണമെന്നും കോടതി നിർദേശിച്ചു.

ഹർജികളെ എതിർത്ത് കേന്ദ്ര സർക്കാർ നേരത്തെയും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവര്‍ഗ പങ്കാളികളായി ജീവിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും , പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ കോടതി ഏപ്രില്‍ 20 വരെ ഹർജിക്കാരുടെ വാദം കേൾക്കും.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം