വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവില്‍ ബഫർ സോൺ നിർബന്ധമാക്കിയ വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഓരോ പ്രദേശത്തെയും യഥാർത്ഥ സാഹചര്യം കൂടി പരിഗണിച്ചേ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന് കോടതി നിരീക്ഷിച്ചു.
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കി ജൂണ്‍ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.
പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന അഭിപ്രായം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. അതേസമയം വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ രാജ്യത്തെ പല നഗരങ്ങളിലും വനമായി വിജ്ഞാപനം ചെയ്ത സ്ഥലങ്ങളുണ്ട്. സുപ്രീംകോടതി വിധി ഈ മേഖലകളില്‍ നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ സംരക്ഷിത വനമേഖലയുണ്ട്. ഈ മേഖലയില്‍ വിധി നടപ്പാക്കിയാല്‍ റോഡ് പൊളിക്കേണ്ടി വരുമെന്ന് ഉദാഹരണമായി കോടതി ചൂണ്ടിക്കാട്ടി.
ചില വനമേഖലകളെ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത
ക്രഡയ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ) നല്‍കിയ ഹര്‍ജിയില്‍ മുംബൈയിലെ തുംഗരേശ്വര്‍ വന്യജീവി സങ്കേതത്തെ വിധിയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് ബെഞ്ച് ഉത്തരവിറക്കി. ഇതിനു മുന്‍പ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനേയും താനെ ക്രീക്ക് ഫ്‌ളമിങ്‌ഗോ സാങ്ച്വറിയേയും സമാനമായി വിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അപേക്ഷകള്‍ അനുസരിച്ചാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും ക്രഡയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.
ചില വനമേഖലകളെ പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. ഇക്കാര്യം അമിക്കസ് ക്യുറി കെ പരമേശ്വറുമായി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.