സുപ്രീം കോടതി 
INDIA

സ്വകാര്യ സ്വത്തുക്കള്‍ സമൂഹത്തിന്റെ ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് പറയുന്നത് അപകടകരം: സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സമ്പത്തിൻ്റെ പുനർവിതരണം സംബന്ധിച്ച രാഷ്ട്രീയ വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചിന്റെ നിരീക്ഷണം

വെബ് ഡെസ്ക്

വ്യക്തികളുടെ സ്വകാര്യ സ്വത്തുക്കള്‍ സമൂഹത്തിന്റെ ഭൗതിക വിഭവമായി കണക്കാക്കാനും അവ പൊതുനന്മയ്കുവേണ്ടി ഭരണകൂടത്തിന് ഏറ്റെടുക്കാനും കഴിയില്ലെന്നു പറയുന്നത് അപകടകരമാണെന്ന് സുപ്രീം കോടതി. സാമൂഹിക പരിവർത്തനബോധം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഭരണഘടനയെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ച് നിരീക്ഷിച്ചു.

സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമോയെന്നാണ് കോടതി പരിശോധിക്കുന്നത്. മുംബൈയിലെ പ്രോപ്പര്‍ട്ടി ഓണേഴ്സ് അസോസിയേഷന്‍ (പിഒഎ) അടക്കമുള്ളവർ സമർപ്പിച്ച 16 ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ അനുച്ഛേദം 39(ബി), 31 സി എന്നിവ പ്രകാരം സ്വകാര്യ സ്വത്തുക്കള്‍ സർക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

നിർദേശക തത്വങ്ങളുടെ ഭാഗമായ ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കൾ സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമോയെന്ന നിയമപരമായ ചോദ്യമാണ് ബെഞ്ച് പരിഗണിക്കുന്നത്. സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പൊതുവിഭവങ്ങൾ മാത്രമാണെന്നും അവയുടെ ഉത്ഭവം വ്യക്തിയുടെ സ്വകാര്യസ്വത്തില്‍നിന്നല്ലെന്ന് പറയുന്നത് കുറച്ച് തീവ്രമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഖനികളും സ്വകാര്യ വനങ്ങളും ഉദാഹരണമായെടുക്കാം. ഉദാഹരണമായി അനുച്ഛേദം 39 (ബി) പ്രകാരം സ്വകാര്യ വനങ്ങളില്‍ സര്‍ക്കാര്‍ നയം ബാധകമല്ലെന്ന് നാം പറയുന്നു. ഒരു നിര്‍ദേശമെന്ന നിലയില്‍ ഈ തീരുമാനം വളരെയധികം അപകടകരമാകുമെന്നു കോടതി വിലയിരുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സമ്പത്തിൻ്റെ പുനർവിതരണം സംബന്ധിച്ച രാഷ്ട്രീയ വിവാദം രൂക്ഷമായ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ചീഫ് ജസ്റ്റിനെക്കൂടാതെ ജസ്റ്റിസ് ഋഷികേശ് റോയ്, ബിവി നാഗരത്‌ന, സുധന്‍ശു ധൂലിയ, ജെബി പര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്‍ഡല്‍, സതീശ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പൊതുനന്മയ്ക്കായി പുനർവിനിയോഗിക്കുന്നതിനുള്ള സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളിൽ ഉൾപ്പെടുമെന്ന ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ 1977 ലെ ഭരണഘടനയുടെ അനുച്ഛേദം 39 (ബി) യുടെ മാർക്സിയൻ വ്യാഖ്യാനത്തോടും യോജിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സമൂഹത്തിന്റെ വിഭവങ്ങൾ, ഭാവി തലമുറകൾക്കായി ഇന്നത്തെ തലമുറ വിശ്വസിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്ത് എന്നിവ തമ്മിൽ വേർതിരിവ് ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

''സാമൂഹിക പരിവർത്തനം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഭരണഘടന. സ്വത്ത് സ്വകാര്യമായി കൈവശം വച്ചാൽ അനുച്ഛേദം 39 (ബി) ന് ബാധകമല്ലെന്ന് പറയാനാവില്ല," ഭരണഘടനയ്ക്കു രൂപം നൽകിയ 1950 കളിലെ സാമൂഹികവും മറ്റു പ്രബലവുമായ സാഹചര്യങ്ങളെ പരാമർശിച്ച് ബെഞ്ച് നിരീക്ഷിച്ചു. ജീർണാവസ്ഥയിലായ കെട്ടിട്ടങ്ങള്‍ ഏറ്റെടുക്കാന്‍ അധികൃതർക്ക് അധികാരം നല്‍കുന്ന മഹാരാഷ്ട്ര നിയമം സാധുതയുള്ളതാണോ അല്ലയോ എന്നത് വ്യത്യസ്തമായ വിഷമയാണെന്നും അത് സ്വതന്ത്രമായി പരിശോധിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ക്ഷേമപദ്ധതികള്‍ സമൂഹം ആവശ്യപ്പെടുന്നതിനാലും സമ്പത്തിന്റെ പുനര്‍വിതരണം ആവശ്യപ്പെടുന്നതിനാലും സ്വകാര്യ സ്വത്തുക്കളില്‍ അനുച്ഛേദം 39 (ബി) ബാധകമല്ലെന്ന് പറയാമോയെന്നും ഭരണഘടനാ ബെഞ്ച് ചോദിച്ചു. ജമീന്ദാരി സമ്പ്രദായം ഉന്മൂലനം ചെയ്തതിനെക്കുറിച്ചും സ്വത്തിന്റെ മുതലാളിത്ത സങ്കല്പത്തെക്കുറിച്ചും പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ്, അത് സ്വത്തിനെ സംബന്ധിച്ച് 'നിഷേധ' ബോധം പ്രതിഫലിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഇത് പൊതുതത്വത്തിൻ്റെ ഒരു സങ്കല്പമാണെന്നും അദ്ദേഹം പറഞ്ഞു

''സ്വത്തിനെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് സങ്കല്പമെന്നത് സ്വത്ത് പൊതുവാണോയെന്നതിന്റെ പ്രതിഫലനമാണ്. ഇത് സാമാന്യതയുടെ വിഭാവനമാണ്. ഒന്നും വ്യക്തിക്ക് മാത്രമുള്ളതല്ല. എല്ലാ സ്വത്തും സമൂഹത്തിന് പൊതുവായുള്ളതാണ്. അതാണ് തീവ്ര സോഷ്യലിസ്റ്റ് വീക്ഷണം,"ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഗാന്ധിയൻ ധാർമികതയിൽ ഊന്നിയതാണ് മാർഗനിർദേശക തത്വങ്ങളുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വത്തിനെ വിശ്വസിക്കുന്ന ഒന്നായി കണക്കാക്കുന്നതാണ് നമ്മുടെ ധാര്‍മികത. സ്വകാര്യ സ്വത്തില്ലെന്ന സോഷ്യലിസ്റ്റിക് മാതൃക സ്വീകരിക്കാന്‍ ഞങ്ങള്‍ പോകുന്നില്ല. എന്നാല്‍ സ്വത്തിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് വ്യത്യസ്തമായിക്കൊണ്ടിരിക്കുകയാണ്. തീവ്ര മുതലാളിത്ത വീക്ഷണത്തില്‍ നിന്നോ തീവ്ര സോഷ്യലിസ്റ്റിക് വീക്ഷണത്തില്‍ നിന്നോ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുന്നു'', ചന്ദ്രചൂഡ് പറയുന്നു.

പ്രത്യാശയിൽ വിശ്വസിക്കുന്ന ഒന്നാണ് സ്വത്തിനെ സംബന്ധിച്ച നമ്മുടെ ധാർമികത. സ്വകാര്യ സ്വത്ത് ഇല്ലെന്ന സോഷ്യലിസ്റ്റ് മാതൃക സ്വീകരിക്കാൻ ഞങ്ങൾ പോകുന്നില്ല. തീവ്ര മുതലാളിത്ത വീക്ഷണകോണിൽനിന്നും തീവ്ര സോഷ്യലിസ്റ്റ് വീക്ഷണകോണിൽനിന്നും വളരെ വ്യത്യസ്തമാണ് സ്വത്തിനെ സംബന്ധിച്ച നമ്മുടെ സങ്കല്പം.

കുടുംബത്തിലെ തുടർന്നുള്ള തലമുറകൾക്കായി നാം സ്വത്ത് കൈവശം വയ്ക്കുന്നു, എന്നാൽ വിശാലമായി, വിപുലമായ സമൂഹത്തിനായുള്ള പ്രതീക്ഷയിൽ നാം ആ സ്വത്ത് സൂക്ഷിക്കുന്നു. അതാണ് സുസ്ഥിര വികസനത്തിൻ്റെ മുഴുവൻ ആശയവും. സമൂഹത്തിന്റെ ഭൗതിക വിഭവമായി കണക്കാക്കുകയും ദേശസാല്‍കരണം നടത്തുകയും ചെയ്ത സ്വകാര്യ സ്വത്തുക്കള്‍ വിതരണം ചെയ്യേണ്ടതില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസിൽ വാദം കേൾക്കൽ തുടരും.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി