ഗൂഗിൾ മാപ്പിൽ എങ്ങനെയാണ് പിൻ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാൻ ഗൂഗിളിനോട് സുപ്രീം കോടതി. ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ഗൂഗിൾ പിൻ അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കിടുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ടോയെന്ന ചോദ്യം ഉൾപ്പെടുന്ന കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
ജാമ്യവ്യവസ്ഥയായി ലൊക്കേഷൻ പങ്കിടുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണോയെന്ന് കോടതി പിന്നീട് പരിശോധിക്കും.
പിൻ ലൊക്കേഷൻ ഷെയറിങ് ഫീച്ചർ സംബന്ധിച്ച് ഗൂഗിള്‍ ഇന്ത്യ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഗൂഗിള്‍ പിന്‍ നിര്‍മിക്കുന്നത് ഗൂഗിള്‍ ഇന്ത്യയല്ല, ഗൂഗിള്‍ എല്‍എല്‍എസിയാണെന്ന് കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഗൂഗിള്‍ എല്‍എല്‍എസി സത്യവാങ്മൂലം നല്‍കുന്നതാകും ഉചിതമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഗൂഗിള്‍ ഇന്ത്യയുടെ അഭിഭാഷകനും ഇതേ കാര്യം മുന്നോട്ടുവച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സുപ്രീംകോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗൂഗിള്‍ ഇന്ത്യ അറിയിച്ചു.
തുടര്‍ന്ന്, ഗൂഗിള്‍ ഇന്ത്യയെ ഒഴിവാക്കി ഗൂഗിള്‍ എല്‍എല്‍എസിക്ക് സുപ്രീംകോടതി നോട്ടീസ് നല്‍കുകയായിരുന്നു. ഗൂഗിള്‍ എല്‍എല്‍സിയുടെ സത്യവാങ്മൂലം രേഖപ്പെടുത്താന്‍ രജിസ്ട്രിയോട് നിര്‍ദേശിച്ചു. സത്യവാങ്മൂലം പരിശോധിച്ച ശേഷം കക്ഷികളുടെ വാദം കേള്‍ക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ലഹരിവിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നൈജീരിയൻ പൗരന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീലാണ് കോടതിയുടെ മുന്നിലുള്ളത്.
രണ്ടു വിഷയങ്ങളാണ് സുപ്രീംകോടതി പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യ വിടില്ലെന്ന് ബന്ധപ്പെട്ട എംബസിയുടെ ഉറപ്പിന്മേൽ വിദേശ പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കുമോ എന്നതും, ജാമ്യം ലഭിക്കാനായി ഗൂഗിള്‍ പിന്‍ ലൊക്കേഷന്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കുവെക്കുന്നത് വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാവുമോയെന്നതും.