മണിപ്പൂർ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. കലാപ സാഹചര്യം സംബന്ധിച്ച് പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി. ജൂലൈ ഏഴിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന് നിർദേശം നൽകി.
കലാപം നേരിടാൻ സ്വീകരിച്ച നടപടികൾ, ക്രമസമാധാനപാലനം, ആയുധങ്ങൾ പിടിച്ചെടുക്കൽ, പുനരധിവാസം, ക്യാമ്പുകളിലെ വിശദാംശങ്ങൾ, സുരക്ഷിത സ്ഥാനം തേടി സംസ്ഥാനം വിട്ടവർ തുടങ്ങി എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്നതാകണം റിപ്പോർട്ടെന്ന് കോടതി നിർദേശിച്ചു. ജൂലൈ 10ന് കോടതി വീണ്ടും വിഷയം പരിഗണിക്കും.
കലാപത്തിൽനിന്ന് കുകി വിഭാഗത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സൈന്യത്തിന്റെ സംരക്ഷണം തേടിയാണ് കുകി വിഭാഗം കോടതിയെ സമീപിച്ചത്. മെയ്തി വിഭാഗത്തെ പട്ടികവിഭാഗത്തിലുൾപ്പെടുത്തിയ മണിപ്പൂർ ഹൈക്കോടതി വിധിക്കെതിരെ ഹിൽ ഏരിയാസ് കമ്മിറ്റി സമർപ്പിച്ച ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
മണിപ്പൂരിലെ സാഹചര്യം ദിനംപ്രതി മോശമാകുകയാണെന്ന് ട്രൈബൽ ഫോറം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. പലയിടങ്ങളിലും കർഫ്യൂ അഞ്ചുമണിക്കൂറായി കുറച്ചെന്നും കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചതായും സോളിസിറ്റർ ജനറൽ അറിയിച്ചു.