INDIA

'പരീക്ഷയുടെ പവിത്രതയെ ബാധിച്ചു;' നീറ്റിൽ കേന്ദ്രത്തിനും ടെസ്റ്റിങ് ഏജൻസിക്കും സുപ്രീംകോടതിയുടെ നോട്ടിസ്

നിലവിലെ റാങ്കുകൾ അടിസ്ഥാനമാക്കിയുള്ള അഡ്മിഷൻ പ്രക്രിയ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം

വെബ് ഡെസ്ക്

മെഡിക്കൽ പ്രവേശനത്തിനായി നടത്തുന്ന ദേശീയ യോഗ്യതാ-പ്രവേശന പരീക്ഷ (നീറ്റ്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും നോട്ടീസയച്ച് സുപ്രീംകോടതി. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിരിക്കുന്ന വിഷയത്തിൽ ഉത്തരങ്ങൾ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിഷയത്തിൽ വിശദീകരണം നൽകാൻ എത്ര സമയം വേണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ചോദിച്ച ജസ്റ്റിസ് അമാനുല്ല, കോടതി അവധി കഴിഞ്ഞ് ചേരുന്ന ഉടൻ മറുപടി ലഭിക്കണമെന്ന് നിർദേശിച്ചു. മേയ് 17ന് ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ച മുൻ ഹർജിയ്‌ക്കൊപ്പം നിലവിലെ ഹർജിയും ടാഗ് ചെയ്യണമെന്ന് എൻടിഎയുടെ അഭിഭാഷകൻ വാദിച്ചു. ആ ഹർജി ജൂലൈ എട്ടിന് പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടായിരുന്നു മുൻ ഹർജി.

നിലവിലെ റാങ്കുകൾ അടിസ്ഥാനമാക്കിയുള്ള അഡ്മിഷൻ പ്രക്രിയകൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ജൂൺ ഒന്നിലെ ഫലപ്രഖ്യാപനത്തിനു മുമ്പാണ് ശിവാംഗി മിശ്രയും മറ്റ് ഒമ്പത് പേരും ഹർജി സമർപ്പിച്ചത്. അതിനുശേഷവും നിരവധി ഉദ്യോഗാർത്ഥികൾക്കു ഗ്രേസ് മാർക്ക് നൽകാനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഏതാനും ഹർജികൾ കൂടി സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ അതൊന്നും നിലവിൽ പട്ടികപ്പെടുത്തിയിട്ടില്ല.

ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചുള്ള ആരോപണങ്ങൾ കണക്കിലെടുത്ത് പരീക്ഷ വീണ്ടും നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് നിർദേശം നൽകണമെന്നാണ് ഹർജി. മേയ് അഞ്ചിന് നടന്ന പരീക്ഷയുടെ പവിത്രത സംബന്ധിച്ച് സംശയം ഉന്നയിച്ചാണ് ഹരജിക്കാർ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.

സമാനമായ ഇളവുകൾ ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി മേയ് 17നു പരിഗണിക്കവെ, നീറ്റ് പരീക്ഷ ഫലപ്രഖ്യാപനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. രാജ്യത്താകമാനം നടത്തിയ പരീക്ഷകളുടെ ഫലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹർജിയിൽ നോട്ടിസ് പുറപ്പെടുവിക്കുകയും വിഷയം ജൂലൈയിൽ പരിഗണിക്കാൻ മാറ്റുകയും ചെയ്യുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ