INDIA

യുഎപിഎ കേസില്‍ ജി എന്‍ സായിബാബയ്ക്ക് തിരിച്ചടി; കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്ക്

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം ആർ ഷാ , സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിയത്. വിഷയം വീണ്ടും ബോംബെ ഹൈക്കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. .

സായിബാബയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ചുമത്തിയ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ, അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എംആർ ഷാ, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. വിഷയം വീണ്ടും ബോംബെ ഹൈക്കോടതിയുടെ പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റി. നാല് മാസത്തിനകം തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് നിര്‍ദേശം. സായിബാബയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന് മുന്നിലല്ലാതെ വേറെ ബെഞ്ചിൽ ഹര്‍ജി സമർപ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

പ്രോസിക്യുഷൻ, അനുമതി ലഭിക്കാതെയാണ് യുഎപിഎ പ്രകാരം വിചാരണ നടന്നതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. യുഎപിഎ പ്രകാരം ചട്ടം പാലിക്കാതെ വിചാരണ ചെയ്യാൻ അനുമതി നൽകിയത് തന്നെ നിയമത്തിന് കളങ്കമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരേയാണ് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നേരത്തെ സുപ്രീംകോടതി സസ്‍പെൻഡ് ചെയ്തിരുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണ കോടതിയുടെ 2017ലെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് പ്രൊഫ. ജി എൻ സായിബാബ സമർപ്പിച്ച അപ്പീൽ ബോംബെ ഹൈക്കോടതി അനുവദിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ 2022 ഒക്ടോബർ 14ലെ ഈ വിധിയുടെ സാധുത ചോദ്യം ചെയ്യുന്നതായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി.

ക്രിമിനൽ നടപടി ചട്ടത്തിലെ 465-ാം വകുപ്പ് അനുസരിച്ച് അനുമതി നൽകാൻ സാധിക്കാത്തതിനാൽ കുറ്റവിമുക്തനാക്കാനാകില്ലെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാദത്തെ തുടർന്നാണ് നിലവിലെ സുപ്രീംകോടതി ഉത്തരവ്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും, പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ആർ ബസന്ത് , നിത്യ രാമകൃഷ്ണ, അഭിഭാഷകൻ ഷദൻ ഫറസത്ത് തുടങ്ങിയവരും ഹാജരായി.

സായിബാബയ്ക്കൊപ്പം മാധ്യമ പ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹേം മിശ്ര എന്നിവരെയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. ഇവർക്കൊപ്പം ജയിലിലായിരുന്ന പാണ്ടു നരോട്ടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മരിച്ചിരുന്നു. 2014 ലാണ് പ്രഫ. ജിഎൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. 2017 ൽ ഗഡ്ച്ചിറോളി സെഷൻസ് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ