കോളിളക്കം സൃഷ്ടിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം. ഓഹരി വിപണയില്‍ ക്രമക്കേട് നടത്തുന്ന ഇടപെടല്‍ അദാനി ഗ്രൂപ്പില്‍ നിന്നുണ്ടായോ എന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
സെബി നിയമങ്ങളുടെ വകുപ്പ് 19 ലംഘിച്ചോയെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സെബി രണ്ട് മാസത്തിനകം അന്വേഷണം നടത്തി സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അദാനി ഗ്രൂപ്പിന്റെ ഓഹരികളെ വൻ തകർച്ചയിലേക്ക് നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.
സെബി നിയമങ്ങളുടെ വകുപ്പ് 19 ലംഘിച്ചോയെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർച്ച അന്വേഷിക്കാനും, നിക്ഷേപ മേഖലയിലെ നിയന്ത്രണച്ചട്ടങ്ങൾ ശക്തമാക്കാൻ പരിഹാര നിർദേശങ്ങൾ തയാറാക്കാനുമുളള വിദഗ്ധ സമിതിയെയും സുപ്രീംകോടതി പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ എം സാപ്രയുടെ നേതൃത്വത്തിലാണ് ആറംഗ സമിതി. ഈ സമിതിയും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറണം. ഒ പി ഭട്ട്, കെ വി കാമത്ത്, നന്ദന്‍ നിലേക്കനി, സോമശേഖര്‍ സുന്ദരേശന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഫെബ്രുവരി 17 ഹര്‍ജികളില്‍ വാദം പുര്‍ത്തിയാക്കിയിരുന്നു. ഹര്‍ജികളിലുള്ള ഉത്തരവിറക്കാനായി ഫെബ്രുവരി 20ന് കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിന് സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും കോടതിയുടെ ജോലി കോടതി ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.