സുപ്രീംകോടതി 
INDIA

'റിപ്പോർട്ടിങ് ശത്രുത വളർത്താൻ കാരണമായിട്ടില്ല'; എഡിറ്റേഴ്സ് ഗിൽഡ് കേസിൽ തുടര്‍നടപടി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

വെബ് ഡെസ്ക്

മണിപ്പൂര്‍ സന്ദര്‍ശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് സംഘത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും മണിപ്പൂര്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

റിപ്പോര്‍ട്ട് തെറ്റിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുക്കുന്നത് എങ്ങനെയെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. കഴിഞ്ഞതവണ കേസ് പരിഗണിക്കവെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. മണിപ്പൂർ സർക്കാർ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്.

സെപ്റ്റംബര്‍ നാലിനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിലെ അംഗങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. മണിപ്പൂര്‍ കലാപം സംബന്ധിച്ച് സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ പരിശോധിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെയായിരുന്നു കേസെടുത്തത്. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ആരോപിച്ചായിരുന്നു മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തത്. മണിപ്പൂരില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് കേസ് എന്നായിരുന്നു മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വിശദീകരണം.

മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് സംസ്ഥാനത്തെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ കണ്ടെത്തല്‍. മെയ്തികള്‍ക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ഇത്തരം റിപ്പോര്‍ട്ടിങ് സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ കാരണമായി എന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?