INDIA

മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീംകോടതി

വെബ് ഡെസ്ക്

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയിൽ പരിശോധന നടത്താന്‍ മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിച്ച നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് സ്‌പെഷ്യൽ ലീവ് പെറ്റീഷനിൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്മീഷണറെ നിയമിക്കുന്നതിനുവേണ്ടി അവ്യക്തമായ അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല. ഉദ്ദേശ്യംവളരെ വ്യക്തമായിരിക്കണം. എല്ലാം കോടതിക്ക് വിടാൻ കഴിയില്ല,” ബെഞ്ച് പറഞ്ഞു. അതേസമയം, തർക്കത്തിൽ ഹൈക്കോടതിക്ക് മുമ്പാകെയുള്ള നടപടികൾ തുടരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹിന്ദു സംഘടനകൾക്ക് നോട്ടീസും അയച്ചു. കേസ് ജനുവരി 23 ന് വീണ്ടും പരിഗണിക്കും.

ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന പ്രദേശം ഉൾപ്പെടെയുള്ള തർക്കഭൂമി ശ്രീകൃഷ്ണ ഭഗവാന്റെ സ്ഥലമായി പ്രഖ്യാപിക്കണമെന്നതാണ് നിലവിൽ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള പ്രധാന ഹർജി. മസ്ജിദ് നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണന്റെ ജന്മസ്ഥലത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ടാണ് ഹിന്ദു സംഘടനകൾ പള്ളിയിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

മസ്ജിദിന്റെ 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം മഥുര കോടതിയിലും ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി 1991ലെ ആരാധനാലയ നിയമത്തിനെതരെന്ന് പള്ളി കമ്മിറ്റിയും വാദിച്ചിരുന്നു. അങ്ങെനയൊരു പ്രശ്നത്തിൽ തീർപ്പുകല്പിക്കാൻ ബാക്കിനിൽക്കെ സർവേ നടത്താനുള്ള അപേക്ഷ അനുവദിക്കാൻ ഹൈക്കോടതിക്ക് സാധിക്കില്ലെന്നായിരുന്നു മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹമ്മദിയുടെ പ്രധാന വാദം.

ഷാഹി ഈദ് ഗാഹ്-കൃഷ്ണജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മസ്ജിദില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ അനുമതി നൽകിയ ഡിസംബർ 14ന്റെ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും സുപ്രീംകോടതി നിരസിച്ചിരുന്നു. മസ്ജിദിന്റെ ചില ഭിത്തികളിൽ താമരയുടെ കൊത്തുപണികൾ ഉണ്ടെന്നും ഹിന്ദു പുരാണങ്ങളിലെ സർപ്പ ദൈവമായ ദേവനായ 'ഷേഷ്‌നാഗ്'-നോട് സാമ്യമുള്ള രൂപങ്ങൾ പള്ളിയിലുണ്ടെന്നും ഹർജിക്കാർ അവകാശപ്പെട്ടിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും