'കേരള സ്റ്റോറി' യുടെ റിലീസ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കും. മെയ് 15നാണ് കേസ് സുപ്രീംകോടതി കേസ് പരിഗണിക്കുക.
ഹൈക്കോടതി ചിത്രം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പിലേക്ക് ഹർജി എത്തിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ചിത്രത്തെക്കുറിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും മുതിർന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം.
വിവാദമായതിന് പിന്നാലെ വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയെങ്കിലും ചിത്രത്തില്‍ ഇസ്ലാം മതത്തിനോ മുസ്ലീങ്ങള്‍ക്കോ എതിരെ ഒന്നുമില്ലെന്നും ഐഎസ്‌ഐഎസിലേക്ക് ചേര്‍ന്ന ഒരുകൂട്ടം സ്ത്രീകളുടെ സാങ്കൽപ്പിക കഥ പറയുന്ന ചിത്രമാണ് കേരള സ്റ്റോറിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചിത്രത്തിന്റെ ടീസറും ട്രെയ്ലറും കണ്ട ശേഷമായിരുന്നു ജസ്റ്റിസുമാരായ എന്‍ നഗരേഷും സോഫി തോമസും ഇക്കാര്യം വ്യക്തമാക്കിയത്. അതിനാല്‍ തന്നെ ചിത്രം സ്റ്റേ ചെയ്യേണ്ടതില്ലെന്നും ഹെെക്കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരും ബലാത്സംഗം ചെയ്യുന്നവരായും ചിത്രീകരിക്കുന്ന നിരവധി സിനിമകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയെന്നും തന്നെ നിരോധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ ഇത്തരം സിനിമകള്‍ക്ക് അനാവശ്യ പ്രചാരണം നല്‍കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിധിയുടെ പശ്ചാത്തലത്തില്‍ 'കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചതിന് പിന്നാലെയായിരുന്നു അത്. സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ അനുമതിക്കെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു സുപ്രീംകോടതി നിലപാട്.
വിപുൽ ഷായുടെ നിർമാണത്തിൽ സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നെന്ന വിവരണത്തോടെയുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. റിലീസിന് മുന്‍പ് തന്നെ വിവിധ കോണുകളില്‍ നിന്നും ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ രാജ്യത്തെ വിവിധ കോടതികളിലേക്ക് നിരവധി ഹര്‍ജികളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിനെതിരായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായത്.