INDIA

പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണം; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാല്‍ ലോക്സഭ സെക്രട്ടേറിയേറ്റ് ഭരണഘടനാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി

വെബ് ഡെസ്ക്

മേയ് 28 ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാല്‍ ലോക്സഭ സെക്രട്ടേറിയേറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ ആണ് ഹര്‍ജി നല്‍കിയത്.

പാർലമെന്റ് ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സ്ഥാപനമാണ്. അതിൽ ലോക്സഭയ്ക്കും രാജ്യസഭയ്ക്കുമൊപ്പം രാഷ്ട്രപതിയും ഉൾപ്പെടുന്നു. ഏത് സഭയും വിളിച്ചുചേർക്കാനും നിർത്തിവയ്ക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. എന്തുകൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ മാറ്റിനിർത്തിയത്? ഉദ്ഘാടന ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ല. സർക്കാരിന്റെ ഈ തീരുമാനം തെറ്റാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതിയെ മാറ്റി നിര്‍ത്തിയ സംഭവത്തില്‍ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കുകയാണ്. പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത അപമാനമാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. കോൺഗ്രസ്, സിപിഎം, സിപിഐ, ടിഎംസി, എസ്പി, എഎപി എന്നിവയുൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികളാണ് ബുധനാഴ്ച നടക്കുന്ന ഉ​ദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

എന്നാൽ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വിട്ടുനില്‍ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി തുടങ്ങിയ പാര്‍ട്ടികളും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷത്തെ വിമര്‍ശിച്ചും, കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിച്ചും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ജെഡിഎസ് ആണ് ഏറ്റവും ഒടുവില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടി. ജെഡിഎസ് പ്രതിനിധിയായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയാകും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍