INDIA

മണിപ്പൂർ കലാപം: അന്വേഷണത്തിൽ ഇടപെട്ട് സുപ്രീംകോടതി; മൂന്നംഗ ജുഡീഷ്യൽ സമിതിയെ നിയോഗിച്ചു

വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന ആവശ്യം തള്ളി

വെബ് ഡെസ്ക്

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സമഗ്ര ഇടപെടലുമായി സുപ്രീംകോടതി. അന്വേഷണത്തിന് പുറമെയുള്ള മാനുഷികമായ കാര്യങ്ങളിൽ മേൽനോട്ടം, പ്രശ്നപരിഹാരം, നഷ്ടപരിഹാരം സംബന്ധിച്ച നിർദേശങ്ങൾ എന്നിവയ്ക്ക് വനിതകൾ മാത്രം ഉൾപ്പെട്ട മൂന്നംഗം ജുഡീഷ്യൽ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനും നിർദേശിച്ചു. സിബിഐ അന്വേഷിക്കാത്ത കേസുകൾ പരിശോധിക്കാൻ 42 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിക്കും. വിവിധ ഏജൻസികളുടെ അന്വേഷണം നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷനായ മേൽനോട്ട സമിതിയിൽ മലയാളിയായ ആശാ മേനോനും ഉൾപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയാണ് ആശാ മോനോൻ. ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി ജോഷിയാണ് സമിതിയിലെ മറ്റൊരംഗം. ദുരിതാശ്വാസം, പരിഹാര നടപടികൾ, പുനരധിവാസ നടപടികൾ, വീടുകളുടെയും സ്ഥലങ്ങളുടെയും പുനരുദ്ധാരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെ ഉന്നതതല സമിതി പരിശോധിക്കും.

ലൈംഗികാതിക്രമം സംബന്ധിച്ച് 11 കേസുകൾ സിബിഐ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് പറഞ്ഞ കോടതി, പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരെ സംഘത്തിൽ ചേർക്കുമെന്ന് വ്യക്തമാക്കി. എസ് പി, ഡിവൈഎസ്പി, റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെ സിബിഐ അന്വേഷണ സംഘത്തിനൊപ്പം ചേർക്കാനാണ് കോടതിയുടെ തീരുമാനം. ജനങ്ങളിൽ നിയമവാഴ്ചയോടുള്ള വിശ്വാസം ഉറപ്പിക്കാനും വസ്തുനിനിഷ്ഠമായ അന്വേഷണമെന്ന ഉറപ്പ് നൽകാനുമാണ് ഈ ഇടപെടലെന്ന് കോടതി വ്യക്തമാക്കി. വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ വിലയിരുത്തി കോടതിയെ അറിയിക്കാന്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുന്‍ ഡിജിപിയും മുന്‍ എന്‍ഐഎ ഉദ്യോഗസ്ഥനുമായ ദത്താത്രേയ പദ്‌സല്‍ഗികര്‍ക്കാണ് ഈ നിരീക്ഷണ ചുമതല.

മണിപ്പൂർ പോലീസ് അന്വേഷിക്കുന്ന കേസുകളിൽ അന്വേഷണം നടത്താൻ 42 പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും. ഓരോ പ്രത്യേക സംഘത്തിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകണം. ഡിഐജി റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥര്‍ ഈ എസ്‌ഐടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കും. ഒരു ഉദ്യോഗസ്ഥന്‍ ആറ് എസ്‌ഐടികളുടെ ചുമതലയാണ് വഹിക്കുക.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സർക്കാരിനും പോലീസ് സംവിധാനത്തിനുമെതിരെ രൂക്ഷ വിമർശനമാണ് വാദത്തിനിടെ സുപ്രീംകോടതി ഉന്നയിച്ചത്. ക്രമസമാധാന നിലതാറുമാറായെന്നും സർക്കാർ സംവിധാനം പൂർണപരാജയമെന്നും കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർശനമായ ഇടപെടൽ. മണിപ്പൂർ ഡിജിപി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അതേസമയം വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്ന ആവശ്യം കോടതി തള്ളി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ