കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിമയത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ ശരിവച്ച വിധിയിലെ രണ്ട് ഭാഗങ്ങൾ പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിലാണ് വിധി.
കുറ്റാരോപിതന് എൻഫോഴ്സ്മെൻ്റ് കേസ് എൻഫോഴ്സ്മെൻ്റ് ഇൻഫർമേഷൻ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന വിധിയും കുറ്റാരോപിതൻ നൽകുന്ന മൊഴി കുറ്റസമ്മതമായി പരിഗണിക്കുമെന്ന വിധിയുമാണ് പുനഃപരിശോധിക്കുക.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജൂലൈ 27ലെ സുപ്രീംകോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹര്‍ജി.കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച പുനഃപരിശോധാ ഹര്‍ജിയില്‍ തുറന്നകോടതിയിലാകും വാദം കേള്‍ക്കുക. തുറന്നകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അപൂര്‍വമാണ്.
2022ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലൂടെ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിന് നല്‍കിയ വിശാല അധികാരങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ജൂലൈ 27ലെ സുപ്രീംകോടതി വിധി. സംശയമുള്ളിടത്ത് പരിശോധന നടത്താനും അറസ്റ്റ്, കണ്ടുകെട്ടല്‍, പിടിച്ചെടുക്കല്‍ തുടങ്ങിയവയ്ക്കും ഇ ഡിക്ക് നല്‍കിയ പൂര്‍ണ അധികാരം ശരിവയ്ക്കുന്നതായിരുന്നു സുപ്രീംകോടതി വിധി.
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിവാദമായ വിധി പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ വിമർശനമുണ്ടായിരുന്നു.
കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനായുള്ള വ്യവസ്ഥകളും കോടതി ശരിവച്ചിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ പോലീസുകാരല്ലെന്നും അതിനാല്‍ സെക്ഷന്‍ 50 പ്രകാരം മൊഴി രേഖപ്പെടുത്തുന്നത് മൗലികാവകാശ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നായിരുന്നു നേരത്തെ നിയമത്തെ എതിര്‍ത്തിരുന്നവര്‍ കോടതിയെ അറിയിച്ചിരുന്നത്. കാരണമോ തെളിവുകളോ അറിയിക്കാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. പക്ഷെ ഇതെല്ലാം തള്ളിയാണ് സുപ്രീംകോടതി നിയമത്തിലെ അധികാരങ്ങള്‍ ശരിവച്ചിരുന്നത്.