മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ഹര്‍ജിയില്‍ കോടതി വ്യാഴാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും വ്യാഴാഴ്ച നല്‍കിയ സത്യവാങ്മൂലത്തില്‍ ഇ ഡി പറയുന്നു. ഒരു രാഷ്ട്രീയ നേതാവിനും പ്രചാരണത്തിനുവേണ്ടി ജാമ്യം ലഭിച്ചിട്ടില്ലെന്നും കെജ്‌രിവാളിനെ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനു ജയിലില്‍നിന്ന് പുറത്തുവിടുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ഇഡി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
കേസ് പരിഗണിക്കവേ, അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ''തിരഞ്ഞെടുപ്പ് നടക്കുകയാണ്. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല,'' ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി ഹൈക്കോടതി മേയ് 20 വരെ നീട്ടിയിരുന്നു. നേരത്തെ, ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ആറ് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇ ഡിയുടെ സമന്‍സ് കെജ്‌രിവാള്‍ അവഗണിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ സഹകരിക്കുകയും സമന്‍സുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുമായിരുന്നില്ലെന്നും അദ്ദേം കോടതി കോടതി മുൻപാകെ അറിയിച്ചു.
എന്തെങ്കിലും ദുരുപയോഗം ഉണ്ടാകുമോയെന്ന് പരിശോധിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുകയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മോചനം ലഭിച്ചാല്‍ മുഖ്യമന്ത്രി എന്ന തരത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ കെജ്‌രിവാള്‍ നടത്തില്ലെന്ന് തങ്ങള്‍ കരുതുന്നെന്നും തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യമെന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നുവെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത നിരീക്ഷിച്ചു. ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് പ്രതികളുടെ ചെലവിലാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എഎപിയുടെ പ്രചാരണത്തിനായി അനധികൃത പണം സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത ചന്‍പ്രീത് സിങ്ങിന്റെ ചെലവിലാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ കെജ്‌രിവാള്‍ താമസിച്ചതെന്നാണ് ഇ ഡിയുടെ ആരോപണം. ഇതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഇഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.
ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ ഡി അഭിഭാഷകനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്ന് കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ കേസില്‍ ഇതുവരേയും അറ്റാച്ച്മെന്റ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനുമെതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ കള്ളപ്പണം തടയൽ നിയമത്തിലെ 19-ാം വകുപ്പ് എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചിരുന്നു. മാര്‍ച്ച് 21ന് രാത്രിയാണ്അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.