INDIA

അഗ്നിപഥ് കേസുകള്‍ ഏറ്റെടുക്കാതെ സുപ്രീംകോടതി; ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറി

വെബ് ഡെസ്ക്

രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച അഗ്നിപഥ് പദ്ധതിക്കെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറി. ഇതേ വിഷയത്തില്‍ മറ്റ് ഹൈക്കോടതികളിലുള്ള കേസുകള്‍ ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറുകയോ പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസുകള്‍ ഏറ്റെടുക്കാതിരുന്ന സുപ്രീംകോടതി, ഹൈക്കോടതിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തുന്നില്ലെന്ന് വ്യക്തമാക്കി.

രാജ്യത്ത് പല ഹൈക്കോടതികളില്‍ ഒരേ സ്വഭാവത്തിലുള്ള ഹര്‍ജികള്‍ തീര്‍പ്പാകാതെയുള്ള സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയിലേക്ക് വന്ന മൂന്ന് ഹര്‍ജികളാണ് ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറിയത്. ഇതില്‍ രണ്ട് പൊതു താത്പര്യഹര്‍ജികളും ഒരു റിട്ട് ഹര്‍ജിയും ഉള്‍പ്പെടും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എ.പി ബോപ്പന്ന, സൂര്യ കാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിര്‍ദേശം.

അഗ്നിപഥുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന പ്രതിഷേധം
പദ്ധതി പാർലമെന്റിന്റെ പരിഗണനയ്ക്ക് വയ്ക്കാതെയാണ് നടപ്പാക്കിയത്, ഇത് യുവാക്കളുടെ ഭാവിയ്ക്കുമേൽ കടുത്ത വെല്ലുവിളി ഉയർത്തുന്നതായും ഹർജിയിൽ പറയുന്നു.

നിലവില്‍ കേരള, ഡല്‍ഹി, പഞ്ചാബ്-ഹരിയാന, പറ്റ്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളും കൊച്ചിയിലെ ആര്‍മ്ഡ് ഫോഴ്‌സ് ട്രൈബൂണലിലുമാണ് അഗ്‌നിപഥുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്ളത്. പദ്ധതി പാര്‍ലമെന്റിന്‌റെ പരിഗണനയില്‍ വന്നില്ല, സേനയില്‍ ചേരാന്‍ വര്‍ഷങ്ങളായി അവസരം കാത്തിരിക്കുന്ന യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാണ് തുടങ്ങി വ്യത്യസ്ത പരാതികൾ ഹര്‍ജിക്കാർ ഉന്നയിക്കുന്നു. പദ്ധതി പ്രകാരം തെരഞ്ഞെടുക്കുന്ന അഗ്‌നിവീറുകളില്‍ 25 ശതമാനത്തിന് മാത്രമാണ് സേനയില്‍ തുടര്‍ന്ന് സേവനമനുഷ്ഠിക്കാന്‍ അവസരമുള്ളത്. നാലുവര്‍ഷത്തിനു ശേഷം വിരമിക്കുന്ന യുവാക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു.

ഒരേ ആവശ്യയമുന്നയിച്ച് നിരവധി ഹര്‍ജികള്‍ ഉയരുന്നതിനാല്‍ ഇവ ഒരുമിച്ച് പരിഗണിക്കുകയാണ് സാധ്യമായ പോംവഴിയെന്ന് സുപ്രീംകോടതി പറഞ്ഞു. നിലവില്‍ ഈ തീരുമാനം അനുചിതമാകുമെന്ന് വിലയിരുത്തിയ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിക്ക് ഹര്‍ജികള്‍ കൈമാറുകയായിരുന്നു. മറ്റ് ഹൈക്കോടതികളിലെ ഹര്‍ജിക്കാര്‍ക്ക് സ്വതന്ത്രമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നതിനോ നിലവിലെ ഹര്‍ജികള്‍ കൈമാറുന്നതിനോ അവസരം നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നെങ്കിലും പിന്തിരിയാൻ സർക്കാർ തയ്യാറായിട്ടില്ല. ട്രെയിൻ തീവെച്ച് നശിപ്പിക്കുന്നതടക്കം പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള വ്യാപക സമരങ്ങളാണ് പദ്ധതിക്കെതിരെ അരങ്ങേറിയത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സേനകളിൽ നിന്ന് വിരമിച്ചവരും സമൂഹ മാധ്യമങ്ങൾ വഴി അതൃപ്തി അറിയിച്ചിരുന്നു. സേനയിലേക്കുള്ള പ്രവേശനം കേവലം കരാർ അടിസ്ഥാനത്തിൽ മാത്രമാകുന്നു എന്നും ആറു മാസം മാത്രം പരിശീലനം ലഭിക്കുന്ന അഗ്നിവീറുകളുടെ പരിചയക്കുറവ് സേനയെ ബാധിക്കുമെന്നുമാണ് വിമുക്തഭടന്മാർ മുമ്പോട്ട് വച്ച പ്രധാന ആശങ്ക.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും