INDIA

മാറ്റിവെച്ചത് എട്ടുതവണ; ഉമർ ഖാലിദിന്റെ ജാമ്യ ഹർജി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

വെബ് ഡെസ്ക്

2020 ഡൽഹി കലാപക്കേസിൽ മൂന്ന് വർഷമായി ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 2023 മേയ് മാസം സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ എട്ടു തവണയാണ് മാറ്റിവച്ചത്.

കഴിഞ്ഞ നവംബർ 29ന് ഹർജിയിൽ വാദം കേൾക്കാൻ സമ്മതിച്ചിരുന്നെങ്കിലും ഇരുഭാഗത്തിന്റെയും അപേക്ഷ പ്രകാരം മാറ്റിവയ്ക്കുകയായിരുന്നു. 2020ലെ ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 സെപ്റ്റംബറിലാണ് ഉമർ അറസ്റ്റിലാകുന്നത്. തുടർന്ന് യുഎപിഎ കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയ്‌ക്കൊപ്പം യുഎപിഎയുടെ വിവിധ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന റിട്ട് ഹർജികളും ബെഞ്ച് പരിഗണിക്കുന്നുണ്ട്

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. നവംബറിൽ വാദം കേൾക്കെ ഉമറിന് വേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനും അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനും ഹാജരാകാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ഡിസംബർ ആറിലേക്ക് മാറ്റാമെന്ന് നിർദേശിച്ചെങ്കിലും കപിൽ സിബലിന് ആ ദിവസം ഭരണഘടനാ ബെഞ്ചിന് മുൻപാകെ ഹാജരാകേണ്ടതിനാലാണ് ജനുവരി പത്തിലേക്ക് വാദം മാറ്റിയത്.

ജാമ്യാപേക്ഷയ്‌ക്കൊപ്പം യുഎപിഎയുടെ വിവിധ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന റിട്ട് ഹർജികളും ബെഞ്ച് പരിഗണിക്കുന്നുണ്ട്. 2023 മേയിലാണ് ആദ്യമായി സുപ്രീംകോടതി ഉമറിന്റെ അപേക്ഷയിൽ നോട്ടീസ് അയയ്ക്കുന്നത്. എന്നാൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസാണ് ആദ്യം വാദം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് ജസ്റ്റിസ് പി കെ മിശ്ര ഈ കേസിൽനിന്ന് സ്വമേധയാ പിന്മാറുകയും ചെയ്തിരുന്നു.

ജെഎൻയുവിലെ മുൻ ഗവേഷക വിദ്യാർഥിയായിരുന്ന ഉമർ ഖാലിദിന് 2020ലെ വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പ്രധാന ആരോപണം. പിൻച്രാ തോഡ് പ്രവർത്തകനായിരുന്ന ദേവാങ്കണ കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇക്ബാൽ തൻഹ ഉൾപ്പെടെ 59 പേരായിരുന്നു ഈ കേസിൽ കുറ്റാരോപിതർ.

കുറ്റപത്രത്തിൽ ഏറ്റവുമവസാനമാണ് ജെ എൻ യു വിദ്യാർത്ഥി ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും പേര് ചേർക്കപ്പെടുന്നത്. കേസിലെ മറ്റുപലർക്കും കഴിഞ്ഞ വർഷം ജാമ്യം ലഭിച്ചെങ്കിലും കുമാറിനും ഷർജീലിനും ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ജാമ്യം അനുവദിച്ചിട്ടില്ല. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 13, 16, 17, 18, 1959 ലെ ആയുധ നിയമത്തിലെ സെക്ഷൻ 25, 27, പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ പ്രകാരമാണ് ഉമറിനെതിരെ കേസ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും