INDIA

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

ഇഷ ഫൗണ്ടേഷനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി രണ്ടു ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു

വെബ് ഡെസ്ക്

സ്വയംപ്രഖ്യാപിത ആത്മീയഗുരു സദ്ഗുരു ജഗ്ഗി വാസുദേവിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷനുമെതിരായ തമിഴ്‌നാട് പോലീസിന്റെ നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. കേസ് മദ്രാസ് ഹൈക്കോടതിയില്‍നിന്നു സുപ്രീം കോടതിയിലേക്കു മാറ്റി. ഇഷ ഫൗണ്ടേഷനെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി രണ്ടു ദിവസം മുന്‍പ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെത്തതുടര്‍ന്നാണ് ഉത്തരവ്.

നാല്‍പ്പത്തി രണ്ടും മുപ്പത്തി ഒന്‍പതും വയസുള്ള തന്റെ രണ്ടു പെണ്‍മക്കളെ പ്രലോഭിപ്പിച്ച് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ താമസിപ്പിച്ചിരിക്കുന്നുവെന്ന കോയമ്പത്തൂര്‍ സ്വദേശി എസ് കാമരാജിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെയാണ് കേസുകളുടെ വിവരം അറിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. തന്റെ മക്കളെ കുടുംബവുമായി ബന്ധം പുലര്‍ത്താന്‍ ഫൗണ്ടേഷന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നായിരുന്നു റിട്ട. പ്രൊഫസറായ കാമരാജിന്റെ ഹര്‍ജിയിലെ വാദം. ഫൗണ്ടേഷനെതിരെ നിരവധി ക്രിമിനല്‍ കേസുകളും ലൈംഗികാതിക്രമം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങളും നിലനില്‍ക്കുന്നണ്ടെന്നു അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ജഗ്ഗി വാസുദേവ് സ്വന്തം മകളുടെ കല്യാണം നടത്തുകയും അവരെ ജീവിതത്തില്‍ നല്ല നിലയിലെത്തിക്കുകയും ചെയ്തശേഷം മറ്റുള്ളവരോട് സന്ന്യാസ ജീവിതം നയിക്കാന്‍ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്നു സെപ്റ്റംബര്‍ 30നു വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. വിഷയത്തില്‍ വിദശമായ വാദം കേള്‍ക്കണമെന്നു പറഞ്ഞ ഹൈക്കോടതി ഇഷ ഫൗണ്ടേഷനെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ആശ്രമത്തില്‍ അന്വേഷണം നടത്താന്‍ പോലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് 150 അംഗ പോലീസ് സംഘം ആശ്രമത്തില്‍ അന്വേഷണം നടത്തി.

ഹൈക്കോടതി ഉത്തരവിനെതിരെ ഇഷ ഫൗണ്ടേഷന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു കേസുകള്‍ മാറ്റിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. മുതിര്‍ന്ന അഭിഭാഷന്‍ മുകുള്‍ റോത്തഗിയാണു ഇഷ ഫൗണ്ടേഷനുവേണ്ടി ഹാജരായത്.

''മതസ്വാതന്ത്ര്യത്തിന്റെ പ്രശ്നങ്ങളാണിത്. വളരെ അടിയന്തരവും ഗൗരവമേറിയതുമായ കേസാണ്. ഇത് ഇഷാ ഫൗണ്ടേഷനെക്കുറിച്ചാണ്. വളരെ ആദരണീയനും ലക്ഷക്കണക്കിന് അനുയായികളുള്ള ആളുമാണ് സദ്ഗുരു. വാക്കാലുള്ള വാദങ്ങളില്‍ ഹൈക്കോടതിക്ക് അത്തരം അന്വേഷണങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ല,''മുകുള്‍ റോത്തഗി വാദിച്ചു. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ അത്തരം ഉത്തരവ് പാസാക്കാന്‍ കഴിയില്ലെന്നും പത്യേകിച്ചും രണ്ട് സ്ത്രീകളും ഹൈക്കോടതിയില്‍ ഹാജരായതിനാലെന്നും മുകുള്‍ റോത്തഗി വാദിച്ചു. ആരോ ആണ് ഇതിനെല്ലാം പിന്നില്‍. 5000 പേര്‍ ആശ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഇഷ ഫൗണ്ടേഷനെ പിന്തുണച്ചാണ് നിലപാടെടുത്തത്. വിഷയത്തില്‍ ഹൈക്കോടതി വളരെ സൂക്ഷ്മത പുലര്‍ത്തേണ്ടതായിരുന്നുവെന്നും സുപ്രീംകോടതിയുടെ ശ്രദ്ധ ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

പരാതിയില്‍ പറഞ്ഞ രണ്ടു സ്ത്രീകളുമായി ബെഞ്ച് ചേംബറില്‍ വെച്ച് സംസാരിച്ചതായി കോടതി ഉത്തരവില്‍ പറഞ്ഞു. തങ്ങള്‍ സ്വമേധയായാണ് ആശ്രമത്തില്‍ കഴിയുന്നതെന്ന് ഇരുവരും കൂടിക്കാഴ്ചയില്‍ അറിയിച്ചതായി കോടതി ഉത്തരവില്‍ പറയുന്നു.''ഇരുവരുമായും കോടതി സംസാരിച്ചു. ഇരുപത്തിനാലും ഇരുപത്തിയേഴും വയസുള്ളപ്പോഴാണ് തങ്ങള്‍ ആശ്രമത്തില്‍ ചേര്‍ന്നതെന്ന് അവര്‍ പറഞ്ഞു. തങ്ങള്‍ സ്വമേധയായാണ് ആശ്രമത്തില്‍ കഴിയുന്നതെന്നും ആശ്രമത്തില്‍നിന്നു പുറത്തുപോവാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു,'' കോടതി ഉത്തരവില്‍ പറഞ്ഞു.

ആശ്രമത്തില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി ചീഫ് ജസ്റ്റിസ് വാദത്തിനിടെ പറഞ്ഞു.

'അവര്‍ അവിടെ താമസിക്കുന്നില്ല... ദിവസേന സന്ദര്‍ശിക്കുന്നു... ദിവസവും ധാരാളം ആളുകള്‍ വരുന്നു,' എന്നായിരുന്നു റോത്തഗിയുടെ മറുപടി. ഡോക്ടര്‍ക്കെതിരായ അന്വേഷണം തുടരണമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ ഹേബിയസ് കോര്‍പ്പസില്‍ മാത്രമാണ് ഹാജരാവുന്നതെന്നായിരുന്നു റോത്തഗിയുടെ മറുപടി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നു തമിഴ്‌നാട് പോലീസിനോട് നിര്‍ദേശിച്ച സുപ്രീംകോടതി അന്വേഷണം സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി