INDIA

'പൗരത്വ ഭേദഗതിയിലെ ആറാം വകുപ്പ് ഭരണഘടനയ്ക്ക് അനുസൃതം'; നിർണായക വിധിയുമായി സുപ്രീംകോടതി

വെബ് ഡെസ്ക്

1971ന് മുൻപ് അസമിലെത്തിയ കുടിയേറ്റക്കാരെ പൗരത്വത്തിന് പരിഗണിക്കാൻ അനുവദിക്കുന്ന 1955ലെ പൗരത്വ നിയമത്തിലെ ആറാം വകുപ്പ് ഭരണഘടനാ അനുസൃതമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാലുപേരും യോജിച്ചപ്പോൾ ജസ്റ്റിസ് ജെ ബി പർദിവാല വിയോജിച്ചു.

അസം കരാർ നിയമവിരുദ്ധ കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണെന്നും ആറ് എ വകുപ്പ് അതിന് നിയമനിർമ്മാണത്തിലൂടെ കണ്ടെത്തിയ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻ്റെ വിധിന്യായത്തിൽ പറഞ്ഞു. ഈ വ്യവസ്ഥ നടപ്പിലാക്കാൻ പാർലമെൻ്റിന് നിയമനിർമ്മാണ ശേഷിയുണ്ടെന്ന് ഭൂരിപക്ഷ ബെഞ്ച് പറഞ്ഞു. പ്രാദേശിക ജനതയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും കുടിയേറ്റമെന്ന മാനുഷിക പ്രശ്നവും ഒരുപോലെ കൈകാര്യം ചെയ്യുന്നതിനാണ് വകുപ്പ് ആറ് എ നടപ്പിലാക്കിയതെന്നും ഭൂരിപക്ഷ ബെഞ്ച് അഭിപ്രായപ്പെട്ടു.

2012ലാണ് ആദ്യമായി ഈ കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഗുവാഹത്തി ആസ്ഥാനമായുള്ള ഒരു സിവിൽ സൊസൈറ്റി ഗ്രൂപ്പായ അസം സാൻമിലിത മഹാസംഘമായിരുന്നു ഹർജി നൽകിയത്

1966 ജനുവരി ഒന്നിനും 1971 മാർച്ച് 25 നുമിടയിൽ അസമിലേക്ക് വന്ന ഇന്ത്യൻ വംശജരായ വിദേശ കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം തേടാൻ അനുവദിക്കുന്നതാണ് 1955ലെ പൗരത്വ നിയമത്തിൻ്റെ വകുപ്പ് ആറ് എ. ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച തീയതിയുടെ അടിസ്ഥാനത്തിലായിരുന്നു (1971 മാർച്ച് 25) കട്ട് ഓഫ് തീയതി നിശ്ചയിച്ചിരുന്നത്. ബംഗ്ലാദേശിൽനിന്ന് അസമിലേക്ക് വന്ന അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനായി പ്രതിഷേധിച്ച അസം പ്രസ്ഥാനത്തിൻ്റെ നേതാക്കളും ഇന്ത്യാ ഗവൺമെൻ്റും തമ്മിൽ ഒപ്പുവച്ച അസം കരാറിനെത്തുടർന്നാണ് 1985-ൽ അസം ഉടമ്പടിയിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്.

ബംഗ്ലാദേശിൽ നിന്നുള്ള വിദേശ കുടിയേറ്റക്കാരുടെ അനധികൃത നുഴഞ്ഞുകയറ്റം ഈ വകുപ്പ് ഉപയോഗിച്ച് നിയമവിധേയമാക്കിയെന്ന് വാദിച്ച് അസമിലെ ചില തദ്ദേശീയ ഗ്രൂപ്പുകളാണ് കോടതിയെ സമീപിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെയും മതനിരപേക്ഷത, സാഹോദര്യം എന്നിങ്ങനെ ഭരണഘടനയുടെ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന മൂല്യങ്ങളെ വകുപ്പ് ആറ് എ ലംഘിക്കുന്നുവെന്നായിരുന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വാദിച്ചത്.

2012ലാണ് ആദ്യമായി ഈ കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഗുവാഹത്തി ആസ്ഥാനമായുള്ള ഒരു സിവിൽ സൊസൈറ്റി ഗ്രൂപ്പായ അസം സാൻമിലിത മഹാസംഘമായിരുന്നു ഹർജി നൽകിയത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ ക്രമപ്പെടുത്തുന്നതിന് നിശ്ചയിച്ചിരിക്കുന്ന കട്ട് ഓഫ് തീയതി അന്യായമാണെന്നായിരുന്നു അവർ വാദിച്ചിരുന്നത്.

2014-ൽ കേസ് പരിഗണിച്ചപ്പോൾ, ജസ്റ്റിസ് റോഹിൻ്റൺ നരിമാൻ്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. ഒടുവിൽ 2017 ഏപ്രിൽ 19-ന് ബെഞ്ച് രൂപീകരിച്ചു. പല ജഡ്ജിമാരും വിരമിച്ചതിനെ തുടർന്ന് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചെങ്കിലും വാദം ആരംഭിക്കാൻ വൈകിയിരുന്നു. 2023 ഡിസംബർ അഞ്ചിന് വാദം ആരംഭിക്കുകയും ഡിസംബർ 12ന് പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്