കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നു മറ്റു ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ പാട്ടീല്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ബെഞ്ച്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജിനും ഹോസ്റ്റലിനും കൃത്യമായ സുരക്ഷയൊരുക്കാന്‍ സിഐഎസ്എഫിനും ബെഞ്ച് നിര്‍ദേശം നല്‍കി.
ഇന്ന് കോടതി ചേര്‍ന്നയുടന്‍ കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിയായ സിബിഐ ബെഞ്ച് മുമ്പാകെ ഹാജരാക്കി. കഴിഞ്ഞ ദിവസം ഈ റിപ്പോര്‍ ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമേ പശ്ചിമ ബംഗാള്‍ പോലീസും സ്ഥിതിവിവര റിപ്പോര്‍ട്ട് കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ഹോസ്റ്റലിലും മറ്റും നടന്ന അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് പശ്ചിമ ബംഗാള്‍ പോലീസില്‍ നിന്നു കോടതി തേടിയത്. ഈ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി പഠിച്ച ശേഷം കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു.
കൂടാതെ മെഡിക്കല്‍ ജീവനക്കാര്‍ക്കു നേരെ തുടര്‍ച്ചയായി അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനായി ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കോടതി തീരുമാനിച്ചു. സമരം നടത്തുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ബെഞ്ച് ആവര്‍ത്തിച്ചു. കേസില്‍ വാദം തുടരുകയാണ്.