INDIA

ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ല, അനുച്ഛേദം 370 താത്കാലികം: ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്

വെബ് ഡെസ്ക്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായപ്പോള്‍ പരമാധികാരം നിലനിർത്തിയോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരമെന്നും അനുച്ഛേദം 370 താത്കാലികമാണെന്നും കോടതി വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദേശിച്ചു. 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നല്‍കി. അഞ്ചംഗ ബെഞ്ചില്‍ മൂന്ന് വിധിന്യായങ്ങളാണുള്ളത്.

രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ നടപടി ഹർജിക്കാർ പ്രത്യേകം ചോദ്യം ചെയ്യാത്തതിനാല്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിഭരണസമയത്ത് സംസ്ഥാനത്തിനായി കേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാനാകില്ല. ഇത് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിഭരണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് നിയനിർമ്മാണം നടത്താനുള്ള അധികാരം നിയമസഭയ്ക്ക് മാത്രമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സംസ്ഥാനത്തെ യുദ്ധസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള താത്കാലികമായി വ്യവസ്ഥയാണ് അനുച്ഛേദം 370. ജമ്മു കശ്മീർ അസംബ്ലി പിരിച്ചുവിട്ടശേഷവും അനുച്ഛേദം 370(3) പ്രകാരം അനുച്ഛേദം 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. അനുച്ഛേദം ഒന്നു മുതല്‍ 370 വരെ ജമ്മുകശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒരു ഭാഗത്തെ കേന്ദ്രഭരണപ്രദേശാമാക്കാമെന്ന് അനുച്ഛേദം മൂന്നില്‍ പറയുന്നതിനാല്‍ ലഡാക്കിനെ കേന്ദ്രഭരണപ്രദേശാമാക്കിയത് അംഗീകരിക്കുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കാന്‍ കേന്ദ്രത്തിന് കഴിയുമോ എന്ന ചോദ്യം തുറന്നിരിക്കുന്നു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസയിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ചീഫ് ജസ്റ്റിസ് കോടതി നിർദേശം നല്‍കി. ശേഷം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളാണ് വിധിപ്രസ്താവം നടത്തിയത്. അനുച്ഛേദം 370 ജമ്മു കശ്മീരിനെ സാവധാനം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുല്യമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നെന്ന് ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാണിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ഈ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് വാദം കേള്‍ക്കലിന്റെ ആദ്യദിനങ്ങളില്‍ തന്നെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദികളും വിഘടനവാദികളും നടത്തിയിരുന്ന ജമ്മു കശ്മീരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പഴങ്കഥയായെന്നാണ് കേന്ദ്രത്തിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്. റദ്ദാക്കലിന് ശേഷം സമാധാനവും പുരോഗതിയും സാഹോദര്യവും സമൃദ്ധിയുമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് അവരുടെ ഭാഷ്യം. തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കള്‍ പോലും ഇപ്പോള്‍ ലാഭകരമായ ജോലികള്‍ ചെയ്യുകയാണെന്നും മേത്ത വാദിച്ചു. ജമ്മു കശ്മീരില്‍ പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥ റദ്ദാക്കിയതില്‍ ഭരണഘടനാ വഞ്ചന നടന്നിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചു പറയുന്നത്.

അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു.

ഹര്‍ജിക്കാരനായ മുസ്സഫര്‍ ഇഖ്ബാല്‍ ഖാന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുച്ഛേദം 368 അനുച്ഛേദം 370ല്‍ ഉള്‍പ്പെടുന്നില്ലെന്ന് വാദിച്ചിരുന്നു. അനുച്ഛേദം 370 റദ്ദാക്കുന്നത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ലെന്നും അദ്ദേഹം അന്ന് കോടതിയെ ഓര്‍മിപ്പിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഭരണഘടന നിര്‍മാണ സമിതിയുടെ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആര്‍ക്കാണ് അനുച്ഛേദം 370 റദ്ദാക്കാന്‍ സാധിക്കുകയെന്ന ചോദ്യം അന്ന് തന്നെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. വാദപ്രതിവാദങ്ങള്‍ ഇങ്ങനെയിരിക്കെ ഇന്നത്തെ സുപ്രീം കോടതി വിധിയെ ഉറ്റുനോക്കുകയാണ് രാജ്യം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം