ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാനുള്ള പോലീസ് അകമ്പടി ചെലവ് കുറയ്ക്കണമെന്ന അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ 82 ദിവസം തുടരുന്നതിന് 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരുന്നു. അകമ്പടി പോകുന്ന പോലീസിന്റെ എണ്ണത്തിൽ കുറവ് വരുത്താനാകില്ലെന്ന നിലപാടിലാണ് കർണാടക.
ഏപ്രിൽ 17നാണ് മഅദനിയെ രണ്ട് മാസത്തേക്ക് കേരളത്തിലേക്ക് പോകാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സുരക്ഷാ അകമ്പടിക്കുള്ള പോലീസിന്റെ ചെലവ് മഅദനി വഹിക്കണമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പിന്നാലെയാണ് സുരക്ഷയൊരുക്കാൻ 20 പോലീസുകാരുടെ അകമ്പടി വേണമെന്നും അതിനായി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കർണാടക ആവശ്യപ്പെട്ടത്. ഇതിനെതിരെ മഅദനി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിധി വിഫലമാക്കാനുള്ള ശ്രമമാണോ പുതിയ ഉപാധിയിലൂടെ നടത്തുന്നതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചട്ടങ്ങൾ പ്രകാരമാണ് അകമ്പടി ചെലവ് കണക്കാക്കിയതെന്നും പോലീസുകാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാകില്ലെന്നും കർണാടക അറിയിച്ചത്.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചാണ് ചെലവ് തീരുമാനിച്ചതെന്നാണ് കർണാടകയുടെ വാദം. മഅദനിയുടെ ആവശ്യം അംഗീകരിക്കരുതെന്ന ആവശ്യമാണ് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ ഭാഗത്ത് നിന്നുന്നയിക്കുന്നത്. മഅദനിക്കുള്ള സുരക്ഷാഭീഷണിയും റിസ്ക് അസസ്മെന്റും കണക്കിലെടുത്താണ് യതീഷ് ചന്ദ്ര അധ്യക്ഷനായ മൂന്നംഗ സമിതി തീരുമാനമെടുത്തത്.
മഅദനി ബെംഗളൂരുവിൽ തുടരേണ്ടതിന്റെ ആവശ്യമെന്തെന്ന് കർണാടക സർക്കാരിനോട് സുപ്രീംകോടതി നേരത്തേ ചോദിച്ചിരുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവുതേടി മഅദനി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് അജയ് റസ്ത്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നായിരുന്നു കർണാടക സർക്കാരിന്റെ നിലപാട്. അന്തിമ വിചാരണയ്ക്ക് 5 മാസം കൂടിയേ എടുക്കൂ എന്നും കർണാടക സർക്കാർ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂർത്തിയാക്കിക്കൂടെയെന്നു ചോദ്യവും ഉന്നയിച്ചിരുന്നു. ഇത്ര വലിയ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലാണ്. ജാമ്യ ഇളവ് സംബന്ധിച്ച ഹർജിയിൽ അടുത്ത വാദം കേൾക്കുന്ന ജൂലൈ എട്ട് വരെയാണ് കേരളത്തിൽ താങ്ങാൻ കഴിയുക.