ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സർക്കാര്‍ നടപടിക്കെതിരായ ഹർജികൾ ഫെബ്രുവരി ആറിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകളും മറ്റ് പോസ്റ്റുകളും കേന്ദ്ര സർക്കാർ നീക്കം ചെയ്തിരുന്നു. ഇതിനെതിരെ അഭിഭാഷകനായ എം എൽ ശർമ്മയും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ചേര്‍ന്നും സമർപ്പിച്ച രണ്ട് ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാരിന് അത്തരം വ്യവസ്ഥകൾ നടപ്പിലാക്കാൻ കഴിയുമോ?ഹർജിയില്‍ ഉന്നയിക്കുന്ന ചോദ്യം
2002 ഗുജറാത്ത് കലാപത്തെ പറ്റിയുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിന്റെ ലിങ്കുകൾ യൂട്യൂബ്, ട്വിറ്റർ എന്നിവയിൽ നിന്ന് നീക്കം ചെയ്യാൻ ജനുവരി 21ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി എൻ റാമിന്റെയും പ്രശാന്ത് ഭൂഷന്റെയും ഉൾപ്പെടെ നിരവധി പേരുടെ ട്വീറ്റുകളും നീക്കം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹർജി.
"കേന്ദ്രത്തിന്റെ ഈ നടപടി ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണ്" ശർമ്മയുടെ ഹർജിയിൽ പറയുന്നു. രാജ്യത്തെ പൗരന്മാർക്ക് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള വാർത്തകളും വാസ്തവങ്ങളും അറിയാൻ അവകാശമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനാ അനുച്ഛേദം 19(1)(എ)യുടെ മേലുള്ള കടന്നു കയറ്റമാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 പ്രകാരം രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ കേന്ദ്ര സർക്കാരിന് അത്തരം വ്യവസ്ഥകൾ നടപ്പിലാക്കാൻ കഴിയുമോ എന്ന ചോദ്യവും ഹർജിയിൽ ഉന്നയിക്കുന്നു.
എൻ റാമിന്റെയും പ്രശാന്ത് ഭൂഷന്റെയും ഹർജിയിൽ, കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി ഒരു ഉത്തരവ് പുറത്തെടുവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന്റെ പേരിൽ സർവകലാശാലകൾ വിദ്യാർഥികളെ ബഹിഷ്കരിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു.
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശനം തടയുന്നതിനായി ഡൽഹി പോലീസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്‌ഐ എൻഎസ് യു നേതാക്കളായ അസീസ്, നിവേദ്യ, അബ്രഹാം, തേജസ് എന്നിവരെയായിരുന്നു പോലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. ക്യാമ്പസിൽ സംഘർഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി. കേരളത്തിലും മറ്റ് പല ഇടങ്ങളിലും ഇടത്- കോൺഗ്രസ് സംഘടനകൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ചില സ്ഥലങ്ങളിൽ ബിജെപി പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇത് കാരണമായി.