സുപ്രീംകോടതി 
INDIA

കർണാടകയിൽ മുസ്ലീം സംവരണം റദ്ദാക്കിയ ഉത്തരവ്: ഹർജി സുപ്രീംകോടതി പരിഗണിക്കും

വെബ് ഡെസ്ക്

മുസ്ലീം വിഭാഗത്തെ ഒബിസി സംവരണത്തിൽനിന്ന് നീക്കിയ കർണാടക സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കും. മുസ്ലീം വിഭാഗത്തെ 10 ശതമാനം സംവരണം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം അഥവാ ഇ ഡബ്ല്യൂ എസിലേക്കാണ് മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് വിഷയം ഉന്നയിച്ചത്.

നേരത്തെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും എന്നാൽ പരിഗണിച്ചില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. പക്ഷേ ചില തടസങ്ങളുള്ളതിനാലാണ് വിഷയം പരിഗണിക്കാൻ സാധിക്കാഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിഷയം ഉടൻ പട്ടികപ്പെടുത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽനിന്ന് ഒഴിവാക്കി, കാറ്റഗറി 2 ബി പ്രകാരം അവർക്ക് നൽകിയിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു.

പിൻവലിച്ച മുസ്ലീം സംവരണത്തിൽ നാലിൽ രണ്ട് ശതമാനം സംവരണം ലിംഗായത്തുകൾക്കും രണ്ട് ശതമാനം വൊക്കലിഗ സമുദായത്തിനും നൽകാനായിരുന്നു സർക്കാർ തീരുമാനം. ഇതോടെ ലിംഗായത്തുകളുടെ സംവരണം ഏഴ് ശതമാനമായും വൊക്കലിഗ വിഭാഗത്തിന്റേത് ആറ് ശതമാനമായും വർധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിജെപി സർക്കാരിന്റെ നീക്കം. ഒപ്പം 101 പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം അനുവദിക്കുകയും കാറ്റഗറി 2 ബിയിൽ വരുന്ന മുസ്ലീങ്ങളെ 10 ശതമാനം ഇ ഡബ്ല്യൂ എസ് ക്വാട്ടയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കർണാടക സർക്കാരിന്റെ സംവരണ ഉത്തരവിനെ ന്യായീകരിച്ച് കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ സംവരണത്തിന് ഭരണഘടനാ സാധുതയില്ലെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടന അനുശാസിക്കുന്നില്ലെന്നുമായിരുന്നു അമിത്ഷായുടെ പ്രസ്താവന.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?