മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ ഭേദഗതി ഇന്ന് സുപ്രീം കോടതിയില്‍. 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കുക.
ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്രഭട്ട്, ദിനേഷ് മഹേശ്വരി, എസ് ബി പര്‍ദിവാല, ബെല്ലാ ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിശോധിക്കുക. 2020 ഓഗസ്റ്റിലാണ് സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ഭണഘടനാ ബെഞ്ചിന് വിട്ടത്.
പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങള്‍
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ചത്.
സാമ്പത്തിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയിരിക്കുന്ന സംവരണം ഉള്‍പ്പെടെയുള്ള പ്രത്യേക വ്യവസ്ഥകള്‍ അടങ്ങുന്ന 103-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോ.
സ്വകാര്യ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ വിഷയം. സ്വകാര്യ എയ്ഡഡ് അല്ലാത്ത സ്ഥാപനങ്ങളിലെ സംവരണം സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണോ.
എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ഭരണ ഘടന മുന്നോട്ട് വയ്ക്കുന്ന സംവരണത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതാണോ.
പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലെ പ്രാരംഭ റിക്രൂട്ട്മെന്റിലും 10 ശതമാനം വരെ സംവരണം അനുവദിച്ച് കൊണ്ടായിരുന്നു മോദി സര്‍ക്കാര്‍ കൊണ്ടുന്ന ഭരണഘടനയുടെ 103ാം ഭേദഗതി ചെയ്തത്. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആര്‍ട്ടിക്കിള്‍ 15(6), 16(6) വകുപ്പുകളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.
2019ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്. തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ അടിസ്ഥാന വോട്ട് ബാങ്ക് തങ്ങള്‍ക്ക് എതിരെ തിരിയുന്ന ഘട്ടത്തില്‍ ഇവരെ ഒപ്പം നിര്‍ത്തുക എന്ന ലക്ഷ്യവും സംവരണം അനുവദിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിട്ടിരുന്നു എന്നാണ് ആക്ഷേപം. സാമൂഹിക പിന്നോക്കാവസ്ഥ ജാതി സംവരണത്തിന് അടിസ്ഥാനം എന്നിരിക്കെ സാമ്പത്തിക സംവരണം എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം.