ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീ കോടതി ഓഗസ്റ്റ് രണ്ട് മുതൽ വാദം കേൾക്കും. മൂന്ന് വർഷത്തിന് ശേഷം ചൊവ്വാഴ്ച ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ചത്. കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലം വാദത്തിന് പരിഗണിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
വാദം കേൾക്കുന്നതിന് മുൻപുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് ഹർജികൾ ഇന്ന് ലിസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ തുടർച്ചയായി വാദം കേൾക്കാനാണ് തീരുമാനം. "ഓഗസ്റ്റ് രണ്ടിന് രാവിലെ10.30 ന് വാദം ആരംഭിക്കും, തുടർന്ന് ദൈനംദിന അടിസ്ഥാനത്തിൽ വാദം തുടരും," സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലം വാദത്തിന് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതി പരിഗണിക്കുന്ന ഭരണഘടനാ വിഷയ വിഷയമല്ല സത്യവാങ്മൂലത്തിൽ പരിഗണിച്ചതെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ അറിയിച്ചതിനെ തുടർന്നാണ് ഇത്.
''കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അധികസത്യവാങ്മൂലം ഉത്തരവ് വന്നതിന് ശേഷമുള്ള കാര്യങ്ങളാണ് വ്യക്തമാക്കുന്നതെന്ന് എസ് ജി വ്യക്തമാക്കി. ഭരണഘടനാപരമായ ചോദ്യങ്ങളുമായി ഇതിന് ബന്ധമില്ല. അതിനാല്‍ ഇത് പരിഗണിക്കില്ല,'' ഉത്തരവ് വ്യക്തമാക്കുന്നു.
ഇരുപതിലധികം ഹര്‍ജികളാണ് കേന്ദ്ര നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ ഷാ ഫൈസല്‍ ഷഹല റഷീദ് എന്നിവര്‍ തങ്ങളുടെ ഹര്‍ജി പിന്‍ലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കൂടുതല്‍ രേഖകളോ മറ്റോ സമര്‍പ്പിക്കാന്‍ ജൂലൈ 27 വരെ കക്ഷികള്‍ക്ക് കോടതി സമയം അനുവദിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന് ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ അനുവദിച്ച് നൽകിയിരുന്ന പ്രത്യേക പദവി റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം 2019 ഓഗസ്റ്റ് അഞ്ചിനാണ് വരുന്നത്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവിയെടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തു. ബിജെപി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്ന നടപടി ഏറെ വിവാദങ്ങൾക്കും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.
370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ അഭൂതപൂർവമായ സമാധാനം കൊണ്ടുവരാനായി എന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം അവകാശപ്പെടുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുറവുണ്ടായെന്നും അതിന് പ്രത്യേക അവകാശങ്ങൾ എടുത്തുകളയുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2018ൽ മെഹ്ബൂബ മുഫ്തിയുടെ പിഡിപി സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിന് ശേഷം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായിരുന്നു ജമ്മു കശ്മീർ. അതിന് ശേഷം പിന്നീട് ഇതുവരെയും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.