INDIA

ജെല്ലിക്കെട്ടിന് ഭരണഘടനാ സംരക്ഷണം ലഭിക്കുമോ? അന്തിമ വിധി ഇന്ന്

വെബ് ഡെസ്ക്

ജെല്ലിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ ഭരണഘന ബെഞ്ചിന്റെ വിധി ഇന്ന്. ജെല്ലിക്കെട്ട് മത്സരങ്ങൾക്ക് അനുവാദം നൽകുന്ന തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പറയുക.

മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി ഈ കായിക വിനോദം നിരോധിച്ചിരുന്നു

2017ൽ തമിഴ്‌നാട് സർക്കാർ പാസാക്കിയ മൃഗങ്ങളോടുള്ള ക്രൂരത തടയൽ (തമിഴ്നാട് ഭേദഗതി) നിയമത്തിനും ജെല്ലിക്കെട്ട് നടത്തിപ്പ് ചട്ടങ്ങൾ പ്രകാരം, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച് ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെട്ടതാണെന്നും ഭേദഗതിയിൽ പറയുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജികൾ.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ഹർജിക്കാരുടെയും സംസ്ഥാന -കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ കേട്ട ശേഷം വിധി പറയാനായി മാറ്റിയത്. പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് ഈ കേസ് സംബന്ധിച്ച് കോടതി പരിഗണിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി ഈ കായിക വിനോദം നിരോധിച്ചിരുന്നു. എന്നാൽ 2017ൽ തമിഴ്നാട് സർക്കാർ പുതിയ ഭേദഗതി നിയമം പാസ്സാക്കുക വഴി ജെല്ലിക്കെട്ട് സംസ്ഥാനത്ത് വീണ്ടും പുനരാരംഭിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ 2018 ഫെബ്രുവരിയിലാണ് ഭരണഘടനാ ബെഞ്ചിന് വിടുന്നത്.

ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പ് നൽകുന്ന അനുച്ഛേദം 29 (1)ന്റെ പരിധിയിൽ പെടുത്തി ജെല്ലിക്കെട്ടിന് ഭരണഘടനാ സംരക്ഷണം നൽകേണ്ടതുണ്ടോ എന്നതായിരുന്നു ബെഞ്ചിന് മുന്നിലുണ്ടായിരുന്ന പ്രാഥമിക ചോദ്യം. ഒപ്പം തമിഴ്‌നാട് പാസാക്കിയ ഭേദഗതി നിയമങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് സാധൂകരിക്കുന്നതാണോ അതോ യഥാർഥത്തിൽ “നാടൻ കാളകളുടെ നിലനിൽപ്പും ക്ഷേമവും” ഉറപ്പാക്കാനുള്ള മാർഗമാണോ എന്നും കോടതി പരിശോധിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ലക്ഷ്യമിട്ട് 1960ൽ കൊണ്ടുവന്ന നിയമമായിരുന്നു 'മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം'. ഇതിനോട് സമരസപ്പെടുന്നതാണോ കർണാടകയിലെയും മഹാരാഷ്ട്രയിലെയും ജെല്ലിക്കെട്ട്, കാളവണ്ടിയോട്ട മത്സരം എന്നിവയൊന്നും കോടതി വിശകലനം ചെയ്തിരുന്നു.

കേസിന്റെ നാൾവഴികൾ

ജെല്ലിക്കെട്ട് കാണാനെത്തിയ ഒരു യുവാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006ലാണ് ആദ്യമായി ഈ വിനോദത്തിന് കോടതിയുടെ പൂട്ട് വീഴുന്നത്. മദ്രാസ് ഹൈക്കോടതിയുടേതായിരുന്നു ഈ ഉത്തരവ്. എന്നാൽ അന്നത്തെ കരുണാനിധി സർക്കാർ നിരോധനത്തെ മറികടക്കാൻ 2009ൽ ജെല്ലിക്കെട്ട് നിയന്ത്രണ ചട്ടങ്ങൾ കൊണ്ടുവന്നു. ഇതിന് മറുപടിയായി പരിശീലനവും പ്രദർശനവും നിരോധിച്ചിട്ടുള്ള മൃഗങ്ങളുടെ പട്ടികയിൽ കാളകളെ ഉൾപ്പെടുത്താൻ 2011-ൽ കേന്ദ്ര സർക്കാർ നീക്കം നടത്തി, അതുവഴി ജെല്ലിക്കെട്ട് തടയുകയായിരുന്നു അന്നത്തെ യുപിഎ സർക്കാർ ലക്ഷ്യമിട്ടത്.

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നടത്തണമെന്ന ആവശ്യമുയർത്തി വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചു. വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ പലയിടത്തും അക്രമാസക്തമായി

പരിസ്ഥിതി മന്ത്രാലയത്തിന്റെ 2011ലെ വിജ്ഞാപനത്തിന്റെ ചുവടുപിടിച്ച് മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന എല്ലാ കായിക വിനോദങ്ങളും രാജ്യവ്യാപകമായി നിരോധിക്കണമെന്ന് മൃഗക്ഷേമ ബോർഡ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് 2014-ൽ ജസ്റ്റിസ് എ നാഗരാജ, ജെല്ലിക്കെട്ട് കാളകളോടുള്ള ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുൾപ്പെടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കാള മെരുക്കലുകളും കാളയോട്ട മത്സരങ്ങളും നിരോധിച്ചു.

പക്ഷേ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പടുത്തപ്പോഴേക്കും 2011ലെ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിൻവലിച്ചു. അതോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നടത്തണമെന്ന ആവശ്യമുയർത്തി വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ആരംഭിച്ചു. വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭങ്ങൾ പലയിടത്തും അക്രമാസക്തമായി. ഒടുവിലാണ് 2017ൽ നിലവിലെ കേസിന് ആധാരമായ നിയമ ഭേദഗതികൾ തമിഴ്‌നാട് സർക്കാർ പാസാക്കുന്നത്.

ജെല്ലിക്കെട്ടിന്റെ നിരോധനം മാറ്റിയതോടെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (PETA), മൃഗക്ഷേമ ബോർഡ് എന്നിവർ 2018 ഫെബ്രുവരിയിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പിന്നീട് 2022 ഡിസംബർ എട്ടിന് ഭരണഘടനാ ബെഞ്ച് അന്തിമ വിധി പറയാനായി കേസ് മാറ്റി. ആയുധങ്ങളൊന്നും ഉപയോഗിക്കാത്തതിനാൽ ജെല്ലിക്കെട്ടിനെ രക്തക്കളിയായി വിശേഷിപ്പിക്കാനാവില്ലെന്നും രക്തമെന്നത് വെറും ആകസ്മികമായ സംഭവിക്കുന്ന കാര്യമാണെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്