INDIA

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജിയിൽ സുപ്രിം കോടതി വിധി ഇന്ന്

ഓഗസ്റ്റ് 29ന് വാദം കേട്ട ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച്, ജാമ്യ ഹര്‍ജി സെപ്റ്റംബര്‍ 9ന് തീര്‍പ്പാക്കാമെന്ന് അറിയിച്ചിരുന്നു

വെബ് ഡെസ്ക്

യുപി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. ഓഗസ്റ്റ് 29ന് വാദം കേട്ട ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച്, ജാമ്യ ഹര്‍ജി സെപ്റ്റംബര്‍ 9ന് തീര്‍പ്പാക്കാമെന്നാണ് അറിയിച്ചത്. 2020 ഒക്ടോബര്‍ ആറുമുതല്‍ സിദ്ദീഖ് കാപ്പന്‍ ജയിലിലാണെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാൽ സെപ്റ്റംബർ ആറിന് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാപ്പന് തീവ്രവാദ ബന്ധമുള്ളതായി വീണ്ടും ആരോപിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. 2020 ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസ് ബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട്, കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു.

മാധ്യമപ്രവർത്തകനെന്ന നിലയിൽ സംഭവം റിപ്പോർട്ട് ചെയ്യാനുള്ള ചുമതല നിറവേറ്റുക മാത്രമായിരുന്നു കാപ്പന്റെ ഹാഥ്റസ് സന്ദർശനത്തിന്റെ ഉദ്ദേശ്യം. കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പനെ കസ്റ്റഡിയിലെടുത്തതെന്നും കാപ്പന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് 45,000 രൂപ നൽകിയെന്നതാണ് സിദ്ദീഖ് കാപ്പനെതിരായ ആരോപണത്തിന്റെ അടിസ്ഥാനം. ഇത് വെറും തെളിവില്ലാത്ത ആരോപണമാണെന്നും സിബല്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഒരു തീവ്രവാദ സംഘടനയല്ല, സര്‍ക്കാര്‍ അതിനെ നിരോധിച്ചിട്ടില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

ജാമ്യം അനുവദിക്കുന്നതിനെതിരെ ഉത്തർപ്രദേശ് സർക്കാർ സുപ്രിം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിൽ തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നവരുമായി കാപ്പന് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് പറയുന്നു. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനയുമായി കാപ്പന് അടുത്ത ബന്ധമുണ്ട്. ഈ സംഘടനകൾക്ക് അല്‍ഖ്വയ്ദ ബന്ധമുള്ള തുര്‍ക്കിയിലെ ഐഎച്ച്എച്ച് എന്ന തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ